തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണില്‍ വിവരങ്ങള്‍ തേടി.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് ഹോട്ടല്‍ മുറിയില്‍ വച്ച് ശീതളപാനീയത്തില്‍ ലഹരിമരുന്നു നല്കി പീഡിപ്പിച്ചെന്നാണ് പരാതി.
കടയ്ക്കല്‍ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളില്‍ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണില്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.