മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
മഹാരാഷ്ട്ര സത്താറയിലെ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് താഴേക്ക് വീണാണ് പെണ്‍കുട്ടി മരിച്ചത്. സംഭവ ദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തര്‍ക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. മുമ്പും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇവര്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. ഫ്ലാറ്റില്‍ വച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.
മല്‍പ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ് ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് തടഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയും ഡോക്ടറാണ്. ഇയാളില്‍ നിന്ന് അകന്നുനില്ക്കാന് താന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശ്രമിക്കുമ്പോഴൊക്കെ യുവാവ് പിന്തുടര്ന്ന് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞുവെന്നും അമ്മ മൊഴി നല്കി.