KeralaNEWS

മമ്മൂട്ടി ഫാൻസിൻ്റെ കാരുണ്യ ഹസ്തം: അവശ്യസാധനങ്ങൾക്കു പിന്നാലെ വയനാട് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും എത്തിക്കും

    കേരളത്തിൻ്റെ ഹൃദയം തകർത്ത വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി മമ്മൂട്ടി ഫാൻസിൻ്റെ കാരുണ്യ ഹസ്തം. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ,

വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ  സാധനങ്ങളാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും ചേർന്ന് ആദ്യം എത്തിച്ചത്. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണളു നൽകും. ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Signature-ad

വയനാട് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരണസംഖ്യയും നാശനഷ്ടങ്ങളും  പെരുകുന്ന സാഹചര്യത്തിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് പലയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനായി മുന്നോട്ടു വന്നിരിക്കുന്നത് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ  ഘടകമാണ്.

മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്ത് ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഇരയായവർക്ക് സഹായധനം നൽകിയിരുന്നു. പിന്നാലെ ദുരിതാശ്വാസ സഹായവുമായി നിരവധി  താരങ്ങളും രംഗത്ത് വന്നു
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ  ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച്  ആദ്യഘട്ടം പഠനോപകരണങ്ങൾ കൈമാറും. അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും തുടർന്നും നൽകുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു. സംഘടനയുടെ ആസ്‌ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ
പ്ലാൻ ചെയ്യുന്നുണ്ടന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പനും പറഞ്ഞു.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് നാം  കരുതലായി മാറണമെന്ന് സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലി പറഞ്ഞു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മൾ ഒത്തുചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് മമ്മൂട്ടിയെ അനുകരിക്കുകയാണ് എല്ലാ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ ആരാധകർ. മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.

Back to top button
error: