Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തെലങ്കാനയില്‍ കേരള തരംഗം! പത്രങ്ങളിലെ പരസ്യങ്ങളെ ചൊല്ലി വന്‍ വിവാദം; തെരഞ്ഞെടുപ്പ് ചെലവിന് ആയിരം കോടി കേരളത്തിലേക്ക് ഒഴുക്കുന്നെന്ന് ബിആര്‍എസ്; ‘ഷാഡോ സിഎംഒ’യ്ക്ക് ചുമതല; കോണ്‍ഗ്രസിന്റെ എടിഎം എന്നും ആരോപണം

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളില്‍ തെലങ്കാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു പണം കണ്ടെത്തുന്ന ‘എടിഎം’ ആണ് തെലങ്കാനയെന്ന ആരോപണവുമായി പ്രതിപക്ഷമായ ബി.ആര്‍.എസ്. രംഗത്തുവന്നു. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്.

തെലങ്കാനയില്‍നിന്നു മാത്രം കേരളത്തിലേക്ക് ആയിരം കോടിയുടെ ഇലക്്ഷന്‍ ഫണ്ട് വരുന്നുണ്ട് എന്നാണ് ആരോപണം. ഈ വിവാദം അവിടെയുള്ള മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. തെലങ്കാനയിലെ രേവന്ത്് റെഡ്ഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട തുടയില്‍ ആയിരം കോടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിനായി വഴിവിട്ടു ചെലവാക്കുന്നു എന്നാണ് ആരോപണം. ബി. ആര്‍. എസ് ഉദ്യോഗികമായി തന്നെ ഇങ്ങനെയൊരു ആരോപണം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

 

കോണ്‍ഗ്രസ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പു സമയത്ത് പ്രഖ്യാപിച്ച 420 ഉറപ്പുകളുടെ വീഡിയോ അടക്കം പങ്കുവച്ചാണ് ബിആര്‍എസിന്റെ പോസ്റ്റ്. കേരളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. നുണകളുമായുള്ള പരസ്യങ്ങള്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ക്കു വേണ്ടിയാണെന്നും ബിആര്‍എസ് ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ (സിഎംഒ) ഔദ്യോഗികമായി ഒരു പ്രത്യേക വിഭാഗം ഇല്ലെങ്കിലും, മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഒരു സംഘം ഭരണം നിയന്ത്രിക്കുന്നതായാണ് ബിആര്‍ എഎസിന്റെ ആരോപണം.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഏകദേശം 1000 കോടി രൂപ സമാഹരിക്കാന്‍ ഈ ‘ഷാഡോ സി.എം.ഒ’യ്ക്ക് ചുമതല നല്‍കിയതായി ആരോപണമുണ്ട്. ഇതില്‍ 500 കോടി രൂപ മുഖ്യമന്ത്രിയുടെ വിഹിതമായി നല്‍കാനാണ് നീക്കം.

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് റോഡ് നമ്പര്‍ 14-ല്‍ സെക്രട്ടേറിയറ്റിന് സമാന്തരമായി ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളായ ‘നവരത്‌നങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ഒന്‍പത് പേരാണ് ഇത് നിയന്ത്രിക്കുന്നതെന്നും പറയപ്പെടുന്നു.

നേരത്തേ, ഗാന്ധി കുടുംബത്തിന് 1,000 കോടി രൂപ നല്‍കുമെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയെച്ചൊല്ലി ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ ആര്‍ക്കെങ്കിലും സാമ്പത്തിക അസ്ഥിരതയുണ്ടെങ്കില്‍ അവര്‍ക്കായി 1,000 കോടി രൂപ സമാഹരിക്കാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാണെന്ന് റെഡ്ഡി അടുത്തിടെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം അമിത് മാളവ്യ, എന്‍.വി സുഭാഷ് ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.

 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”അവര്‍ക്ക് (ഗാന്ധി കുടുംബത്തിന്) പണത്തിന് വല്ല മൂല്യവുമുണ്ടോ? രാജ്യത്തിന് വേണ്ടി മൂന്ന് തലമുറകളെ ത്യാഗം ചെയ്തവരാണവര്‍. ഗാന്ധി കുടുംബത്തിന് പണം ആവശ്യമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവര്‍ക്കായി 10,000 കോടി രൂപ സമാഹരിക്കാന്‍ കഴിയില്ലായിരുന്നോ? കോണ്‍ഗ്രസിനെയും രാജ്യത്തെയും വേര്‍പെടുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് ഈ രാജ്യത്തിന്റെ ആത്മാവാണ്”. ഗാന്ധി കുടുംബത്തിനായി 1,000 കോടി രൂപ സമാഹരിക്കാനുള്ള കരുത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരാമര്‍ശങ്ങള്‍ ബിജെപി ക്യാമ്പില്‍ നിന്ന് ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ബിജെപിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ദേശീയ ചുമതലയുള്ള അമിത് മാളവ്യ, സംസ്ഥാന വരുമാനത്തെ എഐസിസിയുടെ എടിഎം ആയി ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് റെഡ്ഡിക്കെതിരെ എക്‌സിലൂടെ (X) ആഞ്ഞടിച്ചു.

‘തെലങ്കാനയുടെ കഠിനാധ്വാനത്തിലൂടെയുള്ള വരുമാനം പൊതുജനക്ഷേമത്തിനുള്ളതാണോ അതോ ഡല്‍ഹിയിലെ ഒരു കുടുംബത്തെ സേവിക്കാനുള്ളതാണോ? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തെലങ്കാന വികസിപ്പിക്കാനുള്ള സംസ്ഥാനമാണോ അതോ വെറും ’10 ജന്‍പഥി’നുള്ള എടിഎം മാത്രമാണോ? തെലങ്കാനയിലെ യുവാക്കള്‍ ഡിഎസ്സി വിജ്ഞാപനങ്ങള്‍ക്കായി കാത്തിരിക്കുകയും കര്‍ഷകര്‍ ‘റൈതു ഭരോസ’യ്ക്കായി കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ഗാന്ധി കുടുംബത്തിന്റെ ‘സാമ്പത്തിക ആവശ്യങ്ങള്‍ക്കായി’ 1,000 കോടി സമാഹരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വീമ്പു പറയുകയാണ്,’ അദ്ദേഹം കുറിച്ചു.

ഭാരത് രാഷ്ട്ര സമിതിയും (BRS) ഇതേ ‘എടിഎം’ പ്രയോഗവുമായികോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ‘ഗാന്ധി കുടുംബത്തിനായി തെലങ്കാന കോണ്‍ഗ്രസില്‍ നിന്ന് 1000 കോടി രൂപ സമാഹരിക്കുമെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയോടെ, തെലങ്കാന സംസ്ഥാനം എഐസിസിയുടെ എടിഎം ആയി മാറിയെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്,’ എന്ന് ബിആര്‍എസ് വക്താവ് കൃഷാങ്ക് മാനെ പറഞ്ഞു.

#TelanganaPolitics, #RevanthReddy, #KeralaElection2026, #CongressATM, #BRS, #BJP, #KeralaNews, #ElectionFund, #PoliticalControversy, #MalayalamNews, #GandhiFamily, #BreakingNews, #തെലങ്കാന, #കോൺഗ്രസ്, #കേരളം, #രാഷ്ട്രീയം, #വിവാദം, #വാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: