
കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്.
കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്.
പുരസ്കാരത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന വനയാത്ര, ടെന്റുകളിലെ താമസം, ദുർഘടമായ സാഹചര്യങ്ങളിലെ അതിജീവനം തുടങ്ങിയവയിൽ റെനെ മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, സൂര്യനെല്ലിയിൽ നടന്ന വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് ക്യാമ്പ് ലീഡറായി പ്രവർത്തിച്ച് തന്റെ നേതൃപാടവവും റെനെ തെളിയിച്ചു.
റെനെയുടെ നേട്ടം വിദ്യാലയത്തിന് അഭിമാനകരമാണെന്നും ആഗോള പൗരബോധവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ അടയാളമാണിതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഏപ്രിലിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ റെനെ പുരസ്കാരം ഏറ്റുവാങ്ങും.






