KeralaNEWS

‘അനാഥരായ മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ മാഡം’; മറുപടി നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് അനാഥരായ മക്കളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള കമന്റിന് മറുപടി നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സുധീഷ് കോഴിക്കോട് എന്നയാളുടെ കമന്റ് പങ്കുവെച്ചാണ് മന്ത്രിയുടെ മറുപടി. ‘അനാഥര്‍ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്കി തരുമോ മേഡം… എനിക്ക് കുട്ടികള്‍ ഇല്ല ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ -എന്നായിരുന്നു സുധീഷിന്റെ കമന്റ്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും ഫോസ്റ്റര്‍ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Signature-ad

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമന്റെ ശ്രദ്ധയില്‍പ്പെട്ടു. വയനാട്ടില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. വേദന പൂര്‍ണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകള്‍ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്‌നേഹാദരവുകള്‍.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഫോസ്റ്റര്‍ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയുന്നത്.

6 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റര്‍ കെയറിനും നല്‍കുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തിയാണ് ചെയ്യേണ്ടത്. CARAയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ നിലവിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കല്‍ നടപടിക്രമങ്ങളില്‍ സുധിയ്ക്കും പങ്കുചേരാന്‍ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്’.

Back to top button
error: