CrimeNEWS

15 ക്ഷേത്രങ്ങളില്‍നിന്നും കവര്‍ന്നത് അഞ്ച് ലക്ഷത്തിന്റെ സാധനങ്ങള്‍; മോഷ്ടാവിനെ പിടികൂടിയത് നാടകീയമായി

തിരുവനന്തപുരം: തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വര്‍ണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ്(29) പിടിയിലായത്. പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജനമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് കൊഞ്ചിറ അയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും പൂജാപാത്രങ്ങളും ആഭരണങ്ങളും ജിബിന്‍ മോഷ്ടിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പെരുംകൂര്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം വിളക്കുകളും കവര്‍ന്നു. ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്നും വിളക്കുകളും പൂജാപാത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ വെമ്പായം ഊരുട്ടമ്പലം ദേവി ക്ഷേത്രത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും തട്ടുവിളക്കുകളും കവര്‍ന്നു.

Signature-ad

ജിബിന്‍ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവി ക്ഷേത്രത്തില്‍ നിന്ന് വിളക്കുകളും വിതുര മഹാദേവന്‍ ക്ഷേത്രത്തില്‍ നിന്ന് കാണിക്കവഞ്ചി പൊളിച്ച് പണവും കവര്‍ന്നു. എല്ലാ മോഷണവും ചെയ്തതെന്ന് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ജിബിന്റെ കൂടെയുളളവര്‍ക്കായുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Back to top button
error: