ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗലക്ഷണങ്ങളോടെ ഇതുവരെ ആശുപത്രിയിൽ ചികിത്സയിലുള്ളത് 143 പേരാണ്. മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേ എടുത്തു. 1.2 ലക്ഷം വീടുകൾ അണുവിമുക്തമാക്കി.
അതിനിടെ രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തു. ദുംഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്താണ് ചാന്ദിപുര വൈറസ്?
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. 9 മാസം മുതൽ 14 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകും തോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗം കൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.
പേരിനുപിന്നിൽ
ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ‘ചാന്ദിപുര വൈറസ്’ എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003- ’04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് 30ലേറെ കുട്ടികളാണ് മരിച്ചത്.
ചികിത്സ
ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്. ആന്റിറെട്രോവൈറൽ തെറാപ്പിയോ, വാക്സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളിൽ രോഗം ഗുരുതരമാകുമെന്നതാണ് സങ്കീർണമാക്കുന്നത്.
വൈറസ് പ്രതിരോധം
ചാന്തിപുര വൈറസിന് ഇതുവരെ പ്രത്യേക ചികിത്സയില്ല. പനി, തുടർന്നുണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾ എന്നിവ ലഘൂകരിക്കുന്നതിനുള്ള ചികിത്സയാണ് നൽകുക. ഈ വൈറസിന് പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ പരിസര ശുചിത്വം പാലിക്കുക വളരെ പ്രധാനമാണ്. വീടിന്റെ പരിസരത്ത് മണൽ ഈച്ചകൾ വളരാതിരിക്കാനും, പെരുകുന്നത് തടയാനും വേണ്ട മുൻകരുതലുകൾ എടുക്കണം. വാതിലുകൾക്കും ജനാലകൾക്കും വലകൾ ഇടാവുന്നതാണ്.