KeralaNEWS

വയനാട് കേഴുന്നു: മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടൽ, 9 മൃതദേഹങ്ങൾ കണ്ടെത്തി; റോഡും പാലവും ഒലിച്ചുപോയി, നിരവധി പേർ മണ്ണിനടിയിൽ

   വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലിൽ നിരവധി മരണം. 9 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. നിരവധി പേരെ ആശുപത്രികളിലേയ്ക്കു മാറ്റി. പുലർച്ചെ 2 മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10 ന് വീണ്ടും ഉരുൾപൊട്ടി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ചൂരല്‍മല- മുണ്ടക്കൈ റോഡും പാലവും ഒലിച്ചുപോയി. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്ത്  എത്തിച്ചേരാൻ കഴിയുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.  ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല.
പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തത്തിനിടെ വൻ  മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി.

Signature-ad

സംഭവസ്ഥലത്ത് കളക്ടർ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഊഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പറയുന്നത്.

ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്.  നിലവിൽ ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു ടീം എൻ.ഡി.ആർ.എഫ് കൂടി അധികമായി ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം വയനാടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവൻ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ. ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയാണ് പ്രദേശത്തുണ്ടായിരുന്നത്. .

ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായി. .

മന്ത്രിമാരായ കെ. രാജനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു.

ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് മണ്ണിടിച്ചിലിനെ തുടർന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടു. വയനാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: