ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. റബ്ബർവെട്ടാൻ മണ്ണാത്തിപ്പാറ ഭാഗത്തെ കാരിയോലിക്കപ്പറമ്ബ് പ്രദേശത്ത് എത്തിയപ്പോഴാണ് സമീപത്തുള്ള കന്നാരത്തോട്ടത്തില്‍ പുലിയെ കണ്ടത്. ഉടൻ മരത്തിന് പിന്നിലൊളിച്ചു. പിന്നെ ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ടെന്നും വിജു പറഞ്ഞു.
ഓടി രക്ഷപ്പെട്ടശേഷം വിജു തോട്ടം ഉടമയോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് പഞ്ചായത്തംഗത്തെയും മറ്റുള്ളവരെയും വിവരം അറിയിച്ചത്. ഇനി അടുത്തെങ്ങും റബ്ബർവെട്ടാൻ ആ പറമ്ബിലേക്കില്ലെന്നും വിജു പറയുന്നു.
റബ്ബർത്തോട്ടത്തിന് സമീപം മറ്റ് വീടുകളൊന്നുമില്ല. അല്പം കാടുപിടിച്ച പ്രദേശമാണ്. കരിങ്കുന്നം പഞ്ചായത്തില്‍ ആദ്യം പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഇല്ലിചാരി മലയുടെ മറുഭാഗത്താണീ പ്രദേശം. നിലവില്‍ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുമാസത്തോളമായി കരിങ്കുന്നം ഇല്ലിചാരി മലയില്‍ പലരും പുള്ളിപ്പുലിയെ നേരിട്ട് കാണുന്നുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ പതിനഞ്ചോളം വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. ഇതോടെ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.