NEWSWorld

അല്‍ ജസീറ ചാനല്‍ അടച്ച് പൂട്ടും, ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഭരണകൂടം

ടെല്‍ അവീവ്: അല്‍ ജസീറ ചാനല്‍ രാജ്യത്ത് അടച്ച് പൂട്ടാന്‍ തീരുമാനമെടുത്ത് ഇസ്രായേല്‍ ഭരണകൂടം. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വീകരിച്ചത്. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പടുത്തുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു അല്‍ ജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് നേരത്തെ അല്‍ ജസീറ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ഇസ്രായേല്‍ അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്താന്‍ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്.

ബെഞ്ചമിന്‍ നെതന്യാഹു എക്സിലെ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് നിരോധനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലില്‍ അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തനം വിലക്കാന്‍ എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചു’ അദ്ദേഹം കുറിച്ചു. വിലക്ക് എപ്പോള്‍ പ്രാബല്യത്തില്‍ വരും എന്നോ താല്‍ക്കാലിക വിലക്കാണോ എന്നുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരേയും പുറത്തുവിട്ടില്ല.

വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അല്‍ജസീറയുടെ ഓഫീസുകള്‍ക്ക് നേരെ നിരവധി തവണ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. 2022 ല്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനില്‍ ഇസ്രായേല്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ ഷിറിന്‍ അബു അക്ലയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത് വ്യാപകമായ വിമര്‍ശനത്തിനും വഴിവച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: