KeralaNEWS

തിരഞ്ഞെടുപ്പിന് പിന്നാലെ പിടിച്ചുവച്ച ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

നിയമസഭ പാസാക്കി സര്‍ക്കാര്‍ അയച്ച ബില്ലുകളൊന്നും തന്നെ ഇനി രാജ്ഭവനില്‍ ബാക്കിയില്ല. നേരത്തേ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പുവെക്കാത്തതാണ് പ്രധാനമായും സിപിഎമ്മുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മുന്‍ മന്ത്രി എം.എം മണി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Signature-ad

ഭൂപതിവ് നിയമഭേദഗതി ബില്ലിനെതിരേ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതികള്‍ സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്തു. പിന്നാലെ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. എന്നാല്‍ തൃപ്തികരമായ മറുപടി ലഭിച്ചാല്‍ ബില്ലുകളില്‍ ഒപ്പുവെക്കാമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു.

ബില്ലുകളില്‍ ഒപ്പുവെക്കാത്തത് സംബന്ധിച്ച് കോടതിയില്‍ നിയമയുദ്ധം നടക്കുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. ബില്ലുകളില്‍ ഒപ്പുവെച്ചതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനും അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Back to top button
error: