കോഴിക്കോട്: നാദാപുരം വാണിമേല്‍ ക്രസന്റ് സ്‌കൂളിലെ ബൂത്തില്‍ ടോക്കണ്‍ ലഭിച്ചിട്ടും നാലുപേര്‍ക്കു വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവില്‍ നിന്നവര്‍ക്കുള്ള ടോക്കണ്‍ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേര്‍ എത്തിയത്. സമയം കഴിഞ്ഞതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്‌നം ഉടലെടുത്തു.
രാത്രി 11.55ന് കലക്ടര്‍ സംഭവത്തില്‍ ഇടപെട്ടു. സമയം വൈകിയതിനാല്‍ പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം അംഗീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഇതോടെ നാലുപേര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായി. പോളിങ് സ്റ്റേഷനിലെ ഏജന്റുമാര്‍ ഈ നടപടിയെ അംഗീകരിക്കാന്‍ തയാറായില്ല. പോളിങ് ഏജന്റുമാരുടെ ഒപ്പ് ഇല്ലാതെ വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ നാലുപേര്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നാണു വിവരം.
ടോക്കണ്‍ നമ്പര്‍ വിളിച്ച സമയത്ത് ഇവര്‍ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നില്ലെന്നാണു വിവരം. പിന്നീട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വന്നപ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. നിയമ നടപടികളെക്കുറിച്ചുള്‍പ്പെടെ ആലോചിക്കുമെന്നാണു വോട്ടു നഷ്ടമായവര്‍ പറയുന്നത്. ഇതിനിടെ രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടു ചെയ്തുവെന്ന് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പും ഇറക്കി.
വടകരയിലും കോഴിക്കോടും പലയിടങ്ങളിലും യന്ത്രത്തകരാര്‍ കാരണം പോളിങ് തുടങ്ങാന്‍ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. വടകര മണ്ഡലത്തില്‍ ഓപ്പണ്‍വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയര്‍ന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നാണ് യുഡിഎഫ് ആരോപണം.