CrimeNEWS

വീട്ടില്‍നിന്ന് മാന്‍കൊമ്പും മാരകായുധങ്ങളും പിടിച്ചെടുത്തു; ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ ഡാന്‍സാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാന്‍കൊമ്പും. ഇവയ്ക്കു പുറമേ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും എയര്‍ഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാര്‍ നാസ് കോട്ടേജില്‍ ചിറ്റാര്‍ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്(35) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Signature-ad

വിതുര, കല്ലാര്‍ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയില്‍ കാര്‍ അടിച്ചുതകര്‍ത്ത കേസിലും വീട്ടില്‍ ബോംബ് എറിഞ്ഞ കേസിലുമായി ജയില്‍ശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടുമാസം മുന്‍പാണ് പുറത്തിറങ്ങിയത്.

ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ ഇരുനിലവീടിന്റെ മുകളിലത്തെ ഒരു മുറി ആയുധനിര്‍മാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഏറുപടക്കങ്ങള്‍, വെടിമരുന്ന്, വിവിധതരം മാരകായുധങ്ങള്‍, എയര്‍ഗണ്‍ എന്നിവ കൂടാതെ മാന്‍കൊമ്പും ഇവിടെനിന്നു കണ്ടെടുത്തു. ഏറുപടക്കങ്ങളും ആയുധങ്ങളും ഷഫീഖ് തന്നെയാണ് നിര്‍മിച്ചിരുന്നത്.

ഇവ നിര്‍മിക്കാനുള്ള കട്ടറുകളും ഗ്രൈന്റിങ് മെഷീനും ഉള്‍പ്പെടെ മുറിയില്‍ സൂക്ഷിച്ചിരുന്നു. മാന്‍കൊമ്പ് കണ്ടെടുത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. മാന്‍കൊമ്പിന്റെ ഉറവിടം കണ്ടെത്തിയ ശേഷം മുമ്പും ഇയാള്‍ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന അന്വേഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

 

Back to top button
error: