ബി.ജെ.പി നേതാവും റതബാരി എം.എല്‍.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ജൂണ്‍ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണി.
കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. അവരെ തേടി ബുള്‍ഡോസർ എത്തും’-പ്രസംഗത്തില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്കി.
പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.