ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. പരംപാല്‍ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ വംശജര്‍. എയര്‍ കാനഡ ജീവനക്കാരനായ ഇവരില്‍ ഒരാള്‍ അറസ്റ്റിനു മുന്‍പ് രാജിവച്ചിരുന്നു.
2023 ഏപ്രില്‍ 17ന് ടൊറന്റോയിലെ പിയേഴ്‌സന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നിന്ന് എയര്‍ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയന്‍ ഡോളര്‍ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറന്‍സികളും അടങ്ങുന്ന പാഴ്‌സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് ഫിലഡല്‍ഫിയ ഫീല്‍ഡ് ഡിവിഷനുമായി സഹകരിച്ച് പീല്‍ റീജനല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക്‌ലീന്‍ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇതില്‍ മക്‌ലീന്‍ ആയുധക്കടത്തു കേസില്‍ യുഎസ് പൊലീസിന്റെ പിടിയിലാണുള്ളത്.
കേസുമായി ബന്ധമുള്ള എയര്‍ കാനഡ ജീവനക്കാരനായിരുന്ന സിമ്രാന്‍ പ്രീത് പനേസര്‍ (31), അര്‍ചിത് ഗ്രോവര്‍ (36) എന്നിവരുടെ പേരില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു കിലോ സ്വര്‍ണവും 34,000 കനേഡിയന്‍ ഡോളറിന്റെ വിദേശ കറന്‍സിയും അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തു. 65 തോക്കുകളുമായി മക്‌ലീന്‍ യുഎസില്‍ പിടിയിലായതാണ് ഇവരുടെ അറസ്റ്റിലേക്കു വഴി തുറന്നത്.