കോഴിക്കോട്: തൃശൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാതെ കെ.മുരളീധരന്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. തശൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും മുരളി കണ്ടില്ല. തൃശൂരില്‍ മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മുരളീധരന് തൃശൂരില്‍ തന്നെ മത്സരിക്കാന്‍ തയാറായേക്കും. ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നാണ് ഷാഫി പറമ്പിലിന്റെയും നിലപാട്. ഷാഫി വടകരയില്‍ മത്സരിച്ച് വിജയിച്ചാല്‍ നിയമസഭാ തിരഞ്ഞെടപ്പില്‍ പാലക്കാട് ജയിച്ചുകയറുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ദുഷ്കരമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും അടക്കമുള്ള മണ്ഡലങ്ങള്‍ കൈവിട്ടു പോയതിന്റെ പാഠം കോണ്‍ഗ്രസിനു മുന്നിലുണ്ട്.
പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കെ.മുരളീധരന്റെ പേര് നിര്‍ദേശിക്കുന്നത്. ഷാഫി പറമ്പില്‍ വടകരയിലും കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ.സുധാകരന് കണ്ണൂരിലുമാകും മത്സരിക്കുക. മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ കളത്തിലിറങ്ങും. സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.