നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിന പരിപാടിയിൽ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രസംഗം തുടരാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ ആണ് പരിപാടിയുടെ സംഘാടകർ.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതിഷേധം.
മമതാ ബാനർജിയെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ സദസ്സിലെ ഒരു കൂട്ടർ “ജയ്ശ്രീറാം “വിളി മുഴക്കുകയായിരുന്നു. നരേന്ദ്രമോഡിക്കും ഇവർ ജയ് വിളിച്ചു. സർക്കാർ പരിപാടികളിൽ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് പ്രസംഗം ആരംഭിച്ച മമതാ ബാനർജി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.
നേതാജിയുടെ പരിപാടി കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ച കേന്ദ്ര സർക്കാരിന് മമത നന്ദി പറഞ്ഞു. ക്ഷണിച്ചുവരുത്തി അപമാനിച്ചത് കാരണം താൻ തുടർന്ന് പ്രസംഗിക്കുന്നില്ല എന്നും മമത പറഞ്ഞു. “ജയ് ഹിന്ദ്, ജയ് ബംഗ്ളാ” എന്നു പറഞ്ഞു കൊണ്ടാണ് മമത പ്രസംഗം അവസാനിപ്പിച്ചത്.