വയനാട്: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കല്പറ്റയിലേക്കു തിരിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ പുലര്‍ച്ചെ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും ഡിസംബറില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന് എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
രാവിലെ ഏഴരയോടെയാണ് രാഹുല്‍ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിലെ സന്ദര്‍ശനം കഴിഞ്ഞിറങ്ങിയ രാഹുലിനോടു സംസാരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിനു ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും രാഹുല്‍ ഉറപ്പുനല്‍കി.
പിന്നാലെ കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഇവിടെനിന്നു ബത്തേരിയിലേക്കാണു രാഹുല്‍ ഗാന്ധി പോയത്. ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിച്ചു. ഇവിടുന്നു തിരിച്ച രാഹുല്‍ കല്പറ്റ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് അലഹാബാദിലേക്കു മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവച്ച ശേഷമാണ് രാഹുല്‍ വയനാട്ടിലേക്കെത്തിയത്. യാത്ര ഇന്നു വൈകുന്നേരം പുനരാരംഭിക്കും.