ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല്‍ പരാജയപ്പെട്ട 161 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്‍കുന്ന 161 മണ്ഡലങ്ങളില്‍ 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിക്ക് 370-ലധികം സീറ്റുകളും എന്‍.ഡി.എയ്ക്ക് 400-ലധികം സീറ്റുകളും നേടേണ്ടതുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.
ഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളെ കേന്ദ്രീകരിച്ച നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടുത്ത നൂറുദിവസത്തില്‍ ബൂത്തുതലം മുതല്‍ വികസിത ഭാരതം, ഗ്യാന്‍ (ഗരീബ്, യുവ, അന്നദാതാ, നാരി) എന്നിവയുടെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങള്‍. പഞ്ചായത്ത് ഭാരവാഹികള്‍മുതല്‍ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 210 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പി. ജയിക്കുന്ന 370 സീറ്റ് മുതിര്‍ന്ന നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള ആദരവാണെന്ന് മോദി പറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേകപദവി വ്യവസ്ഥചെയ്ത ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് തുടക്കംമുതല്‍ ആവശ്യപ്പെട്ട നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി. ഓരോ ബൂത്തിലും 2019-ല്‍ നേടിയതിനെക്കാള്‍ 370 വോട്ടുകള്‍ വീതം കൂടുതല്‍ നേടണമെന്നും പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ദക്ഷിണേന്ത്യയിലും ബി.ജെ.പി. കരുത്തുറ്റ പാര്‍ട്ടിയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. 2014-ല്‍ ബി.ജെ.പി.ക്ക് അഞ്ചുസംസ്ഥാനങ്ങളിലാണ് ഭരണമുണ്ടായിരുന്നത്. 2024-ല്‍ 12 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യാണ് ഭരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷി, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച സമാപിക്കും.