KeralaNEWS

കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍; പൂപ്പാറയില്‍ നിരോധനാജ്ഞ

ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുമെന്ന നിലപാടുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിട്ടുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബാബു വര്‍ഗീസ് പറഞ്ഞു.

കയ്യേറിയ പ്രദേശം 6 ആഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ 17നാണ് ഭൂവിഷയങ്ങള്‍ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ ഉത്തരവിറങ്ങിയത്. പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം. ഉത്തരവ് നടപ്പായാല്‍ പൂപ്പാറ ടൗണിന്റെ ഒരു ഭാഗം ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ വാദം.

Signature-ad

പൂപ്പാറയിലേത് കയ്യേറ്റമല്ലെന്നും 6 പതിറ്റാണ്ട് മുന്‍പു മുതല്‍ ഇവിടെ കുടിയേറി വീടുകളും ഉപജീവനത്തിനായി കടമുറികളും നിര്‍മിച്ചവരെ കുടിയിറക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് നാട്ടുകാരുടെ വാദം. നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ നടപടി സ്വീകരിക്കാത്ത റവന്യു വകുപ്പ് കുടിയേറ്റക്കാരായ സാധാരണക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചെന്നും ആക്ഷേപമുണ്ട്.

Back to top button
error: