തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്താനിരുന്ന സമരം മാറ്റി.
പകരം, ഫെബ്രുവരി 8ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് ‘ഭരണഘടനയുടെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുക’ എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രമായിരിക്കും.
കേരളത്തിന്റെ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പരിപാടിയുടെ സ്വഭാവം മാറ്റിയതെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണയ്ക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രതിഷേധ സമരം നടത്തുമെന്നാണ് കഴിഞ്ഞ 17ന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതായി വ്യവസായ മന്ത്രി പി.രാജീവിന്റെ ഓഫിസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.