കൊച്ചി: വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം കൂടി പഠിക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് പ്രൊജക്ട് 39 A എന്ന എന്‍ജിഒക്കാണ് പശ്ചാത്തല പഠനത്തിന്റെ ചുമതല. വധശിക്ഷയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിചാരണ പൂര്‍ത്തിയായി വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പ്രതികളുടെ സാമൂഹിക മാനസിക സാമ്പത്തിക പശ്ചാത്തലം പഠിക്കാനാണ് ഹൈക്കോടതി ഉത്തരവ്. വധശിക്ഷയില്‍ അന്തിമതീരുമാനം എടുക്കുംമുന്‍പ് പ്രതികളുടെ ഭൂതകാലം പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പരിഗണിച്ചുകൂടിയാണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നനപ്യാര്‍ കൗസര്‍എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ടത്.
2013ല്‍ ചോറ്റാനിക്കരയില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയ രജിത്ത്, കൊടുംകുറ്റവാളിയായ ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനില്‍കുമാര്‍, അജിത് കുമാര്‍, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാര്‍, ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ കെ ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍ എന്നിവരുടെയും ആലപ്പുഴയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ സിപിഎം മുന്‍ നേതാവ് ആര്‍ ബൈജു, കോട്ടയം പാറന്പുഴയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യു.പി സ്വദേശി നരേന്ദ്രകുമാര്‍ എന്നിവരുടെ മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനാണ് ഉത്തരവ്. നേരത്തെ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെയും പശ്ചാത്തല പരിശോധനക്ക് കോടതി ഉത്തരവിട്ടിരുന്നു.
മുന്‍പുണ്ടായ ഏതെങ്കിലും സംഭവങ്ങള്‍ പ്രതിയുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടോ അത് കുറ്റകൃത്യത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നുള്ളതാണ് പഠനവിധേയമാക്കുക. പ്രൊജക്ട് 39A എന്ന സംഘടനയ്ക്കാണ് പഠനത്തിന്റെ ചുമതല. എന്നാല്‍, സ്വകാര്യ ഏജന്‍സിയെ പഠനത്തിന് നിയോഗിച്ചതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രിംകോടതിയും ഇത്തരം പഠനങ്ങള്‍ക്ക് പ്രൊജക്ട് 39Aയെയാണ് ആശ്രയിക്കുന്നതെന്ന് കോടതി വിലയിരുത്തി.