KeralaNEWS

കിഫ്ബി കേസില്‍ ഇ.ഡി. മുന്നോട്ടുതന്നെ; തോമസ് ഐസക്കിന് വീണ്ടും നോട്ടീസ്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ നേരത്തെ ഇ.ഡി അയച്ചിരുന്ന സമന്‍സ് പിന്‍വലിച്ചിരുന്നു.

വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവില്‍ തോമസ് ഐസക്കിന് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യല്‍ ഈ കേസില്‍ തുടര്‍ന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു വിഷയത്തില്‍ ആര്‍.ബി.ഐ നിലപാട്.

Signature-ad

നേരത്തെ, വ്യക്തിവിവരങ്ങള്‍ തേടി ഇ.ഡി. സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമന്‍സ് അയക്കുന്നത് നേരത്തേ സിംഗിള്‍ ബെഞ്ച് വിലക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ ഉത്തരവില്‍ ഭേദഗതി വരുത്തി സമന്‍സ് അയക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 24-ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യന്‍ രൂപയില്‍ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. സി.എ.ജി. ചൂണ്ടിക്കാട്ടിയ ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.

 

Back to top button
error: