ലഖ്നൗ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീര്‍ഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം? അയോധ്യയിലെത്താനുള്ള എളുപ്പ മാര്‍ഗം എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് അയോധ്യയിലേക്ക് ട്രെയിന്‍, വിമാന ഗതാഗതം ഇതിനോടകം സജീവമായിട്ടുണ്ട്. പല നഗരങ്ങളില്‍ നിന്നും ബസ് സര്‍വീസുകളും അയോധ്യയിലേക്കുണ്ട്.
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് റെയില്‍ കണക്ടിവിറ്റി ലഭ്യമാണ്. അയോധ്യ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ ഇറങ്ങേണ്ടത്. ലഖ്നൗ, ഡല്‍ഹി, അലഹബാദ്, വാരണാസി, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസുകളുണ്ട്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കണക്ടിങ് ട്രെയിനുകളും ഇന്ന് ലഭ്യമാണ്. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് അയോധ്യയിലേക്കുണ്ട്.
അയോധ്യയിലേക്ക് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളിലൊന്ന് ഡല്‍ഹിയാണ്. ഏഴു മണിക്കൂര്‍ മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഡല്‍ഹി – അയോധ്യ ട്രെയിന്‍ യാത്രയ്ക്ക് വിവിധ ട്രെയിനികളെടുക്കുന്ന സമയം. ആനന്ദ് വിഹാര്‍ – അയോധ്യ വന്ദേ ഭാരത്, കൈഫിയാത് എക്സ്പ്രസ്, ഫറാക എക്‌സ്പ്രസ് തുടങ്ങിയവയാണ് റൂട്ടിലെ പ്രധാന ട്രെയിനുകള്‍.
ലഖ്‌നൗ – അയോധ്യ ട്രെയിന്‍ യാത്രയ്ക്ക് 3 – 4 മണിക്കൂറാണ് ട്രെയിനുകള്‍ എടുക്കുന്നത്. നിരവധി ട്രെയിനുകള്‍ ഈ റൂട്ടിലുണ്ട്. വാരണാസി – അയോധ്യ റൂട്ടിലും നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അലഹാബാദ്, കാണ്‍പുര്‍, പറ്റ്‌ന, ഗോരഖ്പുര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ട്.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷ (യുപിഎസ്ആര്‍ടിസി)ന്റെ നിരവധി ബസുകള്‍ വിവിധ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സ്റ്റേറ്റ് ബസിനു പുറമെ നിരവധി പ്രൈവറ്റ് ബസുകളും അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
രാമക്ഷേത്രത്തിനൊപ്പം തന്നെ അയോധ്യയില്‍ വന്ന വലിയ മാറ്റങ്ങളിലൊന്നാണ് വിമാനത്താവളം. മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം എന്ന പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത്. അയോധ്യ നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പുതിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്ക് കണക്ഷന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. കൊച്ചി – ഡല്‍ഹി – അയോധ്യ റൂട്ടിലാണ് വിമാനം.