Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ആഞ്ഞടിച്ച് മണിശങ്കര്‍ അയ്യര്‍: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ ഗാന്ധി; സ്തുതി പാടിയില്ലെങ്കില്‍ സോണിയ നിങ്ങളെ ‘ലൂസ് കാനണ്‍’ എന്നു വിളിക്കും; ഗാന്ധി കുടുംബം അരനൂറ്റാണ്ടിനിടെ നയാപൈസ പോലും അധ്വാനിച്ച് ഉണ്ടാക്കിയിട്ടില്ല; പിണറായിലെ ഇഷ്ടപ്പെടാന്‍ കാരണം ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നു തുറന്നടിച്ചു വന്‍ വിവാദത്തിനു തിരികൊളുത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്നും സോണിയാ ഗാന്ധി തനിക്കു സമയം നല്‍കിയില്ലെന്നും ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തേ, സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലുള്ളവര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ കെ.സി. വേണുഗോപാലിനെപ്പോലുള്ള റൗഡികളാണ് ഇരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത് അവര്‍ അവസരവാദികളായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ചേറ്റവും മോശം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് വേണുഗോപാല്‍. ഗുണ്ടയെപ്പോലെ പെരുമാറുന്ന ഒരാളെ എങ്ങനെയാണ് 21-ാം നൂറ്റാണ്ടിലെ വല്ലഭ്ഭായ് പട്ടേലെന്ന് വിളിക്കാന്‍ കഴിയുകയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെയും അഹമ്മദ് പട്ടേലിനെയും പോലുള്ള, മര്യാദയുടെ പ്രതീകങ്ങളായ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ഞാന്‍ കണ്ടിട്ടുണ്ട്.

Signature-ad

2019-ലെ തിരഞ്ഞെടുപ്പില്‍ മയിലാടുതുറൈ സീറ്റ് സ്റ്റാലിന് വിട്ടുകൊടുത്തതിന് ശേഷം, വിമാനത്തില്‍വെച്ച് രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലിനെക്കൊണ്ട് എന്നെ ഫോണ്‍ ചെയ്യിച്ചിരുന്നു. ഡിഎംകെയുമായി ഒരു രഹസ്യ ധാരണയുണ്ടെന്നും പകരം ഒരു രാജ്യസഭാ സീറ്റ് നമുക്ക് ലഭിക്കുമെന്നും അറിയിക്കാനായിരുന്നു അത്. ഞാനായിരിക്കും ആ സ്ഥാനാര്‍ഥിയെന്ന് രാഹുല്‍ പറയാന്‍ ഏല്‍പ്പിച്ചതായും വേണുഗോപാല്‍ എന്നോട് പറഞ്ഞു. ആ വാഗ്ദാനം പാലിക്കപ്പെടുമോ എന്നു ചോദിക്കാനാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍, അദ്ദേഹം എന്നെ അവിടെനിന്ന് ഇറക്കിവിട്ടു. സര്‍ദാര്‍ പട്ടേലിന്റെ സ്ഥാനത്ത് ഇത്തരമൊരു അപരിഷ്‌കൃതനായ മനുഷ്യനെ സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ എന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയെക്കുറിച്ച്

ഭാരത് ജോഡോ യാത്ര പോലുള്ള സംരംഭങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് എവിടെയാണ് പരാജയപ്പെടുന്നത് എന്ന ചോദ്യത്തിന് അയ്യര്‍ പറഞ്ഞത് ഇങ്ങനെ: ‘തന്റെ മുത്തച്ഛന്റെ അച്ഛനോടോ (നെഹ്റു), മുത്തച്ഛനോടോ (ഫിറോസ് ഗാന്ധി), അച്ഛനോടോ (രാജീവ് ഗാന്ധി) ഒപ്പമെത്താന്‍ രാഹുലിന് കഴിയാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന പരാജയമെന്ന് ഞാന്‍ കരുതുന്നു.’

സോണിയാ ഗാന്ധിയെക്കുറിച്ച്

അടുത്തിടെ സോണിയാ ഗാന്ധിയെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ കണ്ടിരുന്നോ എന്നും പാര്‍ട്ടിയില്‍ നിങ്ങള്‍ തഴയപ്പെട്ടതായി തോന്നുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഇല്ല, അടുത്തിടെ കണ്ടിട്ടില്ല. ഞാന്‍ സമയം ചോദിക്കുമ്പോഴൊന്നും അവര്‍ നല്‍കുന്നില്ല. ഞാന്‍ പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് ആരെങ്കിലും കാണുന്നില്ലെങ്കില്‍ അവര്‍ അന്ധരാണ്.’

ഗാന്ധി കുടുംബത്തെക്കുറിച്ച്

നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമോ എന്ന ചോദ്യത്തിന് അയ്യര്‍ പറഞ്ഞത്: ‘നാളെ ഗാന്ധി കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ (ഗാന്ധി കുടുംബം ഇല്ലാതായാല്‍) കോണ്‍ഗ്രസ് ശിഥിലമാകും. ഗാന്ധിമാരുടെ ഡിഎന്‍എ ഇല്ലാത്ത ഒരാളെ ആ കസേരയില്‍ കാണാന്‍ ആരും ആഗ്രഹിക്കില്ല.’

പിണറായി വിജയനെക്കുറിച്ച്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ ഘട്ടത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: ‘രണ്ട് രാഷ്ട്രീയക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്നെ അത്രമാത്രം സ്വാധീനിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മേരി ജോസഫ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ എന്നിവരുടെ വിവരങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ഞാന്‍ ഇതിനകം എം.കെ. സ്റ്റാലിന് ഒന്നാം സമ്മാനം നല്‍കിയിട്ടുണ്ട്, അതുകൊണ്ട് പിണറായി വിജയന് രണ്ടാം സമ്മാനം നല്‍കി.’

കോണ്‍ഗ്രസിലെ വിയോജിപ്പുകള്‍

പാര്‍ട്ടിയില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഇടമുണ്ടോ എന്ന ചോദ്യത്തിന് അയ്യര്‍ പഴയ ചരിത്രം ഓര്‍മ്മിപ്പിച്ചു: ‘പണ്ട് ജവഹര്‍ലാല്‍ നെഹ്റു തന്റെ അച്ഛനോടും (മോത്തിലാല്‍ നെഹ്റു) ഗാന്ധിയോടും വിയോജിച്ച് പൂര്‍ണ സ്വരാജ് വേണമെന്ന് ആവശ്യപ്പെട്ട കാലമുണ്ടായിരുന്നു. നെഹ്റുവിനെ തന്റെ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചപ്പോള്‍, മറ്റുള്ളവര്‍ പറഞ്ഞു, ‘അദ്ദേഹം അങ്ങയുടെ സ്വരത്തിലല്ല സംസാരിക്കുന്നത്’ എന്ന്. അപ്പോള്‍ മഹാത്മാവ് മറുപടി നല്‍കിയത്- ‘ഞാന്‍ പോയിക്കഴിയുമ്പോള്‍ എന്റെ സ്വരം നിങ്ങള്‍ അവനിലൂടെ കേള്‍ക്കും’ എന്നാണ്. ‘സുഭാഷ് ചന്ദ്ര ബോസ് ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി അദ്ദേഹത്തെ രാഷ്ട്രപതിയാക്കുമായിരുന്നു’.

‘വിയോജിപ്പുകള്‍ പാര്‍ട്ടിയുടെ അടിത്തറയായിരുന്ന ആ ദിവസങ്ങള്‍ അവസാനിച്ചു. ഇപ്പോള്‍ നിങ്ങള്‍ സ്തുതിപാഠകനല്ലെങ്കില്‍, നിങ്ങളുടെ മനസ് തുറന്നു പറഞ്ഞാല്‍, സോണിയ നിങ്ങളെ ‘ലൂസ് കാനന്‍’ (നിയന്ത്രണമില്ലാത്ത ആള്‍) എന്ന് വിളിക്കും. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സൈഫുദ്ദീന്‍ സോസിനെ അവര്‍ വിശേഷിപ്പിച്ചത് അങ്ങനെയാണ്.’

രാജീവ് ഗാന്ധി വിശ്വസ്തര്‍ പ്രശ്‌നക്കാരാണോ?

മണിശങ്കര്‍ അയ്യരും സാം പിത്രോഡയും രാജീവ് ഗാന്ധിയുടെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്. നിങ്ങളുടെ പ്രസ്താവനകള്‍ ബിജെപിയെ സഹായിക്കുന്നു എന്ന വിമര്‍ശനമുണ്ട് എന്ന ചോദ്യത്തിന്- ‘ബുദ്ധിശൂന്യരായ കോണ്‍ഗ്രസുകാര്‍ മാത്രമാണ് നേതൃത്വത്തിന് ഒഴികഴിവ് കണ്ടെത്താന്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുന്നത്. രാജീവ് എനിക്ക് നല്‍കിയ കാര്യങ്ങള്‍ക്കപ്പുറം എനിക്ക് മറ്റെന്താണ് വേണ്ടത്? കോണ്‍ഗ്രസിനെ ഞാന്‍ എന്തിനാണ് തകര്‍ക്കുന്നത്? ഞാന്‍ ഒരു വിധവയുടെ മകനാണ്, അനാഥനായാണ് ജീവിതം തുടങ്ങിയത്. എന്റെ കൈയ്യില്‍ പണമില്ല. ഗാന്ധി കുടുംബത്തിലെ ഇന്നത്തെ തലമുറയ്ക്ക് പണമുള്ളവരെയാണ് ഇഷ്ടം. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ അവര്‍ ഒരു നയാപൈസ പോലും അധ്വാനിച്ച് ഉണ്ടാക്കിയിട്ടില്ല’- അദ്ദേഹം തുറന്നടിച്ചു.

 

#ManiShankarAiyar, #CongressCrisis, #RahulGandhi, #SoniaGandhi, #PinarayiVijayan, #KeralaPolitics, #LDF, #INC, #PoliticalNews, #InternalDissent #TrendingNews, #ViralPolitics, #DailyhuntMalayalam, #PoliticalAnalysis, #BreakingNews, #IndiaPolitics2026, #CongressVsBJP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: