ഏഴ് പാക് സൈനികരെ തടവിലാക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഭീഷണി, കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേഗം വിട്ടയയ്ക്കണം, അല്ലെങ്കിൽ ഏഴാംദിവസം കസ്റ്റഡിയിലുള്ള സൈനീകരെ വധിക്കും, സൈനീകർ പിടിയിലായത് ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിൽ- ബിഎൽഎ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിലും വീഡിയോ സന്ദേശത്തിലുമാണ് ബിഎൽഎ അന്ത്യശാസനം മുഴക്കിയത്. സമയപരിധി അവസാനിക്കാൻ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവർ അറിയിച്ചു. ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു.
അതേസമയം വിവിധ മേഖലകളിൽ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ള ഏഴ് പേർ പാക്കിസ്ഥാൻ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ ബലൂച് നാഷനൽ കോർട്ട് നടപടികൾ സ്വീകരിച്ചതായും സിവിൽ ജനതയ്ക്കെതിരായ നീക്കങ്ങൾ, ആളുകളെ കാണാതാകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ അധികൃതർ അത് അവഗണിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ യുഎസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.






