കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നും മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചത് നാടന്‍ പാട്ടിനോടുള്ള അവഗണനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
പരാതി സംഘാടകര്‍ അവഗണിക്കുന്നുവെന്നും നാടന്‍പാട്ട് കലാകാരന്മാര് പറഞ്ഞു. പാട്ടുപാടുമ്പോള്‍ വാദ്യങ്ങളടക്കം ഉപയോഗിക്കുന്നുണ്ട്. ഈ സമയത്ത് പാട്ടിന്റെ വരികളൊന്നും വ്യക്തമാകുന്നില്ല. ജഡ്ജിന് പോലും ഒന്നും മനസിലായിട്ടുണ്ടാകില്ല. നേരത്തെ തന്നെ ഇക്കാര്യം സംഘാടകരെ അറിയിച്ചെങ്കിലും അവഗണിക്കുകയും പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ബലമായി പിടിച്ചുമാറ്റിയെന്നും നാടന്‍പാട്ട് കലാകാരന്മാര് പറയുന്നു.
അതേസമയം, അപ്പീലുകളുടെ ബാഹുല്യം ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് അപ്പീലുകളില്ലായിരുന്നു. ഇപ്പോള്‍ മുന്‍സിപ്പല്‍ കോടതി മുതല്‍ അപ്പീലുകള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായി മത്സരത്തിന്റെ സമയക്രമമൊക്കെ തെറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളില്‍ വന്നിട്ടുള്ള റിസള്‍ട്ട് വെച്ചുണ്ടാക്കുന്ന ടൈം ഷെഡ്യൂള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ സമയം തെറ്റില്ല. പക്ഷേ ഇപ്പോള്‍ മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേയാണ് അപ്പീലുമായി എത്തുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ കൂടി മണിക്കൂറുകളെടുക്കുന്നു. മത്സരങ്ങള്‍ വൈകി ആരംഭിക്കുന്ന അവസ്ഥ ഇത് മൂലമുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഘ നൃത്തത്തിന് 32 ഓളം അപ്പീലുകള്‍ വന്നിട്ടുണ്ട്. ജില്ല മത്സരത്തിന് ഏറ്റവും താഴെ ഗ്രേഡുള്ളവരും ഇത്തരത്തില്‍ എത്തിയിട്ടുണ്ട്. ശരിയായിപരിശോധിച്ച് കാര്യങ്ങള്‍ നീക്കിയതിനാലാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് അപ്പീലുകള്‍ കുറവായിരുന്നത്. മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം പോലും കേള്‍ക്കാതെ അപ്പീല്‍ അനുവദിക്കുന്നത് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.