പത്തനംതിട്ട: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെ കേരളത്തില്‍ അടുത്ത മൂന്നു ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം തെക്കൻ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്.കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നൂം മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ഇന്നലെ വൈകിട്ട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തകർപ്പൻ മഴ ലഭിച്ചു.വൈകിട്ട് ആറുമണിയോടെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നു.തലവടി ഉൾപ്പടെയുള്ള അപ്പർ കുട്ടനാട്ടിലും മോശമല്ലാത്ത മഴയാണ് ലഭിച്ചത്.