പോസ്റ്റോഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ ഇപ്പോൾ പ്രവാസികളെയും നോമിനികളാക്കാൻ സാധിക്കും. അക്കൗണ്ട് ഉടമയ്ക്ക് പേരോ കുടുംബപ്പേരോ മാറ്റണമെങ്കിൽ അതിനും വഴിയുണ്ട്. ജോയിൻറ് അക്കൗണ്ട് തുറന്നവർക്ക് ആവശ്യമെങ്കിൽ ഉപാധികളോടെ സിംഗിൾ അക്കൗണ്ട് ആക്കാനുമാകും.
ഗവൺമെൻറ് സേവിങ്സ് പ്രൊമോഷൻ ആക്ട് പ്രകാരമുള്ള വിവിധ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം, മഹിളാ സമ്മാന് നിധി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നീ നിക്ഷേപ പദ്ധതികളിലാണ് ഇപ്പോൾ പ്രവാസികളെയും നോമിനികളാക്കാൻ ആകുക. അതേസമയം പ്രവാസികൾക്ക് ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാൻ ആകില്ല.
പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടും പുതിയ ഭേദഗതിയുണ്ട്. നിലവിൽ, പ്രായപൂർത്തിയായ ഒരാൾക്ക് പ്രായപൂർത്തിയാകാത്തയാളുടെ പ്രായം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാം. അക്കൗണ്ട് ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സമർപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇപ്പോൾ രക്ഷിതാവിന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ മാത്രം സമർപ്പിച്ചാൽ മതി.