വായ്പ എടുത്തയാള്‍ മരിച്ചാല്‍ ബാധ്യത ആരിലേക്കെത്തും ? ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക ?!.
സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തയാള്‍ ഈടായി സമര്‍പ്പിച്ചിരിക്കുന്ന വസ്തുവകകള്‍ ബാധ്യത തീര്‍ക്കാൻ ഉപയോഗിച്ചേക്കും. ബാധ്യതകള്‍ തീര്‍ത്തതിന് ശേഷം ബാക്കി വരുന്ന തുക മാത്രമാകും അവകാശികള്‍ക്ക് ലഭിക്കുക.അതേസമയം ബാധ്യതകൾ ബാക്കിയുണ്ടെങ്കിൽ അത് കുടുംബത്തിന് മുകളിലെത്തും.
വായ്പ എടുക്കുമ്ബോള്‍ തന്നെ തിരിച്ചടയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കണ്ടുവയ്‌ക്കണം. തിരിച്ചടവ് കഴിയുന്നതിന് മുമ്ബ് മരണപ്പെട്ടാല്‍ വലിയ ബാധ്യത കുടുംബത്തിന് മുകളിലെത്തിയേക്കാം. ഇതിനാല്‍ തന്നെ കടം എടുക്കുന്നവര്‍ അതിന് അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുത്തവരായിരിക്കണം.
ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക എന്ന് നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ മൂലമുണ്ടാകുന്ന കടങ്ങള്‍ വ്യക്തിയുടെ മരണ ശേഷം അടച്ച് തീര്‍ക്കേണ്ടതായി വരും. മിക്ക സാഹചര്യങ്ങളിലും വ്യക്തിയുടെ മരണശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അറിയുക. ഇത് വൻ ബാധ്യതയിലേക്ക് നയിച്ചേക്കാം. ഇതിനാല്‍ തന്നെ ഉപയോക്താവ് മരണപ്പെട്ടാല്‍ ഉടൻ ക്രെഡിറ്റ് കാര്‍ഡ് ഫ്രീസ് ചെയ്യണം.
ഇത്തരത്തിലുള്ള ബാധ്യതകള്‍ അടച്ച് തീര്‍ക്കേണ്ടത് ജോയിന്റ് അക്കൗണ്ട് ഉടമയോ അല്ലെങ്കില്‍ നോമിനിയോ ആണ്. അല്ലാത്ത പക്ഷം ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗപ്പെടാനുള്ള സാധ്യതയേറെയാണ്.
ഭവന വായ്പ
ഭവന വായ്പ എടുത്ത ഉപയോക്താവ് മരണപ്പെടുകയാണെങ്കില്‍ ബന്ധുക്കള്‍ അടച്ച് തീര്‍ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം. മരിച്ച ആളുടെ ബന്ധുക്കള്‍ കുടിശ്ശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം ബാങ്കിന് വീട് ജപ്തി ചെയ്യാൻ നിയമപരമായി അവകാശമുണ്ട്. ജപ്തി നടത്തി ബാങ്കിന് ലഭിക്കേണ്ട തുക എടുത്തതിന് ശേഷമാകും ബാക്കിയുള്ളത് ബന്ധുക്കള്‍ക്ക് നല്‍കുക.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ എടുത്ത ആള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കൂടെ ഒപ്പിട്ടിരിക്കുന്ന ആളാണ് കുടിശ്ശിക തീര്‍ക്കേണ്ടത്. മരണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയാണെങ്കില്‍ മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കില്‍ അതില്‍ നിന്നും വായ്പ തിരിച്ചു പിടിക്കുന്നതായിരിക്കും.
വാഹന വായ്പ
വാഹന വായ്പ എടുത്ത വ്യക്തി മരിക്കുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കാണ് കുടിശ്ശിക തീര്‍ക്കേണ്ട ഉത്തരവാദിത്തം. കുടുംബാംഗങ്ങള്‍ വായ്പ അടയ്‌ക്കാത്ത പക്ഷം വാഹനം തിരിച്ചു പിടിക്കുന്നതിനുള്ള അധികാരം സ്ഥാപനങ്ങള്‍ക്കുണ്ട്. ലൈഫ് ഇൻഷുറൻസുള്ള ആളാണെങ്കില്‍ അതില്‍ നിന്നും വായ്പ തിരിച്ചുപിടിക്കും.