മുംബൈ: ഐഎസ്‌എല്‍ ഫുട്‌ബോളില്‍ മോഹൻ ബഗാന്റെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ സിറ്റി.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ
വിജയം.
ഫൗളുകളുടെ അതിപ്രസരം കണ്ട പോരാട്ടത്തില്‍ നാല് ചുവപ്പു കാർഡുകളാണ് പിറന്നത്.13-ാം മിനിറ്റില്‍ മുംബൈയുടെ ആകാശ് മിശ്രയാണ് ചുവപ്പുകാര്‍ഡ് കിട്ടി ആദ്യം പുറത്തുപോയത്. പിന്നീട് 88-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും ലഭിച്ച് പുറത്തുപോയതോടെ മുംബൈ ഒന്‍പത് പേരായി ചുരുങ്ങി.പിന്നീട് 54-ാം മിനിറ്റില്‍ ആശിഷ് റായ്‌യും 57-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി.
കളിയില്‍ മോഹന്‍ബഗാനായി 25-ാം മിനിറ്റില്‍ ജാസണ്‍ കുമ്മിങ്‌സാണ് ആദ്യ ഗോളടിച്ചത്. എന്നാല്‍ ശക്തമായി പൊരുതിയ മുംബൈ സിറ്റിക്കായി 44-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടും 73-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ വിജയം മുംബൈയ്‌ക്ക് സ്വന്തമായി.
വിജയത്തോടെ മുംബൈ സിറ്റി 9 കളികളില്‍ നിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും 19 പോയിന്റുമായി മോഹന്‍ബഗാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സുമായാണ് മുംബൈയുടെ അടുത്ത മത്സരം.ഡിസംബർ 24 ന് കൊച്ചിയിൽ വച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.ഈ സീസണിൽ നേരത്തെ മുംബൈയിൽ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈയ്ക്കായിരുന്നു വിജയം.ഡിസംബർ 27 ന് കൊൽക്കത്തയിൽ വച്ച് മോഹൻ ബഗാനുമായും ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.