IndiaNEWS

ഹിന്ദിയെച്ചൊല്ലി ‘ഇന്‍ഡ്യ’യില്‍ കലഹം; പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ട ഡി.എം.കെ നേതാവിനോട് പൊട്ടിത്തെറിച്ച് നിതീഷ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തില്‍ അവസാന തീരുമാനം ഉണ്ടാക്കാനാണ് തീരുമാനം. അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ അതൃപ്തി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കഴിഞ്ഞ ദിവസം നടന്ന യോഗം അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ നേരത്തെ മടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, ചൊവ്വാഴ്ച നടന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിതീഷിന്റെ ഹിന്ദി പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ടതാണ് ജെഡിയു നേതാവിനെ ചൊടിപ്പിച്ചത്. ഹിന്ദി ദേശീയ ഭാഷയാണെന്നും എല്ലാവര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയണമെന്നും നിതീഷ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍ഡ്യ മുന്നണിയുടെ കഴിഞ്ഞ മൂന്നു യോഗങ്ങളിലും രാഷ്ട്രീയ ജനതാദള്‍ രാജ്യസഭാ എം.പി മനോജ് കെ ഝാ വിവര്‍ത്തകനായി സേവനമനുഷ്ഠിക്കുകയും കുമാറിനും സ്വന്തം പാര്‍ട്ടിക്കും വേണ്ടി ഇംഗ്ലീഷില്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Signature-ad

ചൊവ്വാഴ്ച നടന്ന യോഗത്തില്‍ നിതീഷ് കുമാറിന്റെ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ബാലു ഝായോട് ആവശ്യപ്പെട്ടു. എന്നാല്‍ ഝാ പ്രസംഗം പരിഭാഷപ്പെടുത്താന്‍ തുടങ്ങുന്നതിനു മുന്‍പ് നിതീഷ് ഇടപെടുകയായിരുന്നു. ഹിന്ദി ദേശീയ ഭാഷയാണെന്ന് പറഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചും ദീര്‍ഘ പ്രസംഗം തന്നെ നടത്തി. രോഷാകുലനായ നിതീഷിനെ മറ്റുനേതാക്കള്‍ ഇടപെട്ടാണ് ശാന്തനാക്കിയത്. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഹിന്ദി പ്രസംഗവും പരിഭാഷപ്പെടുത്തിയില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനാണ് ആദ്യം പ്രസംഗിച്ചത്. തുടര്‍ന്ന് നിതീഷ് കുമാറും സംസാരിച്ചു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്.

 

Back to top button
error: