ഇപ്പോള്‍ യൂട്യൂബ് ട്രെന്റിങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തിലെ ‘പുന്നാരക്കാട്ടിലെ പൂവനത്തില്‍’ എന്ന പാട്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടൈ വാലിഭന് അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. ഈ പാട്ട് കൂടെ കേട്ടാല്‍ പൂര്‍ണം. അത്രയ്ക്കും ഫീലുണ്ടാക്കുന്ന മനോഹരമായ താളവും ഈണവും ശബ്ദവും!
പ്രശാന്ത് പിള്ള ഈണം നല്‍കിയ പാട്ടിന് വരികള്‍ എഴുതിയിരിയ്ക്കുന്നത് പിഎസ് റഫീഖ് ആണ്. ശ്രീകുമാര്‍ വക്കിയിലും അഭയഹിരണ്‍മയിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഗാന രംഗത്തിന് താളമിടുന്നത് ചീവീടുകളാണ്. ഭാഷയറിയാത്തവര്‍ പോലും പാട്ട് കേട്ട് ആസ്വദിയ്ക്കുന്നു എന്ന് കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാം. ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ട് ട്രെന്റിങില്‍ ഏറ്റവും മുന്നിലെത്തിയത്.
സരിഗമ കാര്‍വ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകള്‍ കേട്ട് കഴിഞ്ഞു. വെറും മൂന്ന് മിനിട്ട് 54 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പാട്ടില്‍ ഫീല്‍ ചെയ്യുന്ന പ്രണയത്തെ കുറിച്ചാണ് കമന്റുകള്‍ മുഴുവന്‍. ഇത് പാടിയ ഗായകര്‍ തീര്‍ച്ചയായും വരുന്ന വര്‍ഷം അംഗീകരിക്കപ്പെടും എന്ന് കേട്ടവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്നു,
ആ സന്തോഷം അഭയ ഹിരണ്‍മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘വിശ്വസിക്കാന്‍ കഴിയാത്ത വാക്കുകള്‍. ശരിക്കും വിലമതിക്കേണ്ട നിമിഷം, അങ്ങേയറ്റം നന്ദിയുള്ളവളാണ് ഞാന്‍. പ്രശാന്ത് പിള്ള സര്‍ അങ്ങയുടെ സൃഷ്ടിയുടെ ആരാധികയാണ് ഞാന്. ലിജോ ജോസ് പെല്ലിശ്ശേരി ഈ പാട്ട് എനിക്ക് നിങ്ങള്‍ സിസ്റ്റത്തില്‍ കാണിച്ചു തന്ന നിമിഷം എപ്പോഴും സ്നേഹത്തോടെ ഓര്‍ക്കും”
മോഹന്‍ലാല്‍ സാറിന് നന്ദി, ഗുരുകാരണവന്മാര്‍ക്കും നന്ദി. ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവന്‍ പാടിനടക്കുന്ന അച്ഛനെ ഞാന്‍ ഭൂമിയില്‍ ഇരുന്ന് കാണുന്നുണ്ട്. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. അമ്മയ്ക്കും കിളിക്കും അപ്പൂനും ശങ്കരനും സമര്‍പ്പിയ്ക്കുന്നു” എന്നാണ് അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ പ്രശംസയുമായി എത്തിയിട്ടുണ്ട്.