കൊല്ലം: യുവ ഡോക്ടര്‍ ഷഹന മരിച്ച സംഭവത്തില്‍ അറസ്റ്റിലായ റുവൈസിന്റെ കുടുംബം ഒളിവില്‍. ഇവര്‍ക്കായി ബന്ധുവീട്ടില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തി. നേരത്തെ കേസില്‍ റുവൈസിന്റെ പിതാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിചേര്‍ത്തത്. സ്ത്രീധനം കൂടുതല്‍ വാങ്ങാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. എല്ലാവര്‍ക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഷഹന എഴുതിയത്. ജൂനിയര്‍ ഡോക്ടര്‍ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോള്‍ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി.
ഇതില്‍ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ഇതുവരെ ലഭിച്ച വിവരം. സംഭവത്തില്‍ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.