CrimeNEWS

ഓര്‍ക്കാട്ടേരിയിലെ ഷെബിനയുടെ മരണം; ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവിന്റെ സഹോദരന്‍ കസ്റ്റഡിയില്‍. കുന്നുമ്മക്കര സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഷെബിനയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ഷെബിനയുടെ ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദിച്ചിരുന്നതായി നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വലിയ രീതിയിലുള്ള പീഡനങ്ങള്‍ ഷെബിന ഭര്‍തൃവീട്ടില്‍ സഹിച്ചിരുന്നതായാണ് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ കേസിന്റെ അന്വേഷണം എടച്ചേരി പൊലീസില്‍ നിന്നും വടകര ഡിവൈഎസ്പിക്ക് കൈമാറി.

2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷെബിനയുടെ മറുപടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

Signature-ad

കുന്നുമ്മക്കര സ്വദേശി ഷെബിനയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷെബിന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭര്‍തൃവീട്ടുകാര്‍ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.

ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ച ശേഷം ഷെബിനയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോര്‍ച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറിത്താമസിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വര്‍ണമുള്‍പ്പടെ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കള്‍ പറയുന്നു.

ഷെബിനയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭര്‍തൃ വീട്ടില്‍ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഷബീബിന്റെ ഉമ്മ പീഡനം തുടങ്ങിയതായി ഷെബിനയുടെ ബന്ധു അഷ്റഫ് പറയുന്നു. ഷെബിനയെ വീട്ടില്‍ നിന്ന് പുറത്താക്കാനായിരുന്നു ഇവരുടെ നീക്കം. കുനിയില്‍ പുളിയം വീട്ടില്‍ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Back to top button
error: