Breaking NewsIndiaLead NewsNEWSpoliticsWorld

എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ

മോസ്‌കോ: എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരണം നടത്തിയത്.

Signature-ad

”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് റഷ്യ കൂടുതൽ പ്രധാന്യം നൽകുന്നത്. അങ്ങനെ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”, റഷ്യൻ വക്താവ് പറഞ്ഞു.

യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം, റഷ്യയിൽനിന്ന് വിലക്കിഴിവിൽ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയാണെന്നാണ് ട്രംപ് നേരത്തേ ആരോപിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇന്ത്യയ്ക്ക് യുഎസ് അധികതീരുവ ഏർപ്പെടുത്തിയത്.

Back to top button
error: