ഇറാൻ–യുഎസ് ചർച്ചകൾ സജീവം… ഇനിയൊരു ‘മിഡ്‌നൈറ്റ് ഹാമർ’ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല, എബ്രഹാം ലിങ്കൺ ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി

വാഷിങ്ടൺ: സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ടെഹറാൻ ശ്രമിക്കുന്നതായും ഇറാനുമായി സജീവ ചർച്ചകളിലാണ് അമേരിക്കയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ വിശേഷിപ്പിച്ച മുൻ സൈനിക നടപടിപോലുള്ള മറ്റൊരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “അവർ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. വീണ്ടും അത്തരം ഒരു സംഭവമുണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ഇറാനുമായി ചർച്ച നടത്തുകയാണ്,” ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരാമർശങ്ങൾക്കിടെ, യുഎസ് സെൻട്രൽ കമാൻഡ് ഇറാനുമായി ബന്ധപ്പെട്ട പുതിയ സൈനിക സംഭവങ്ങൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ജലപരിധിയിൽ എബ്രഹാം ലിങ്കൺ യുഎസ് വിമാനവാഹിനി കപ്പൽ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോൺ യുഎസ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസിന്റെ പ്രകാരം, F-35C യുദ്ധവിമാനമാണ് ഡ്രോൺ തകർത്തത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ല.
പിന്നാലെ മണിക്കൂറുകൾക്കകം, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാന്റെ രണ്ട് ഗൺബോട്ടുകളും ‘മോഹാജർ’ ഡ്രോണും ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കുമെന്ന് റേഡിയോ സന്ദേശങ്ങളിലൂടെ ഇറാൻ മുന്നറിയിപ്പ് നൽകിയെങ്കിലും, യുഎസ് സൈന്യം ഇടപെട്ട് കപ്പലിനെ സുരക്ഷിതമായി അനുഗമിച്ചു.
ഇറാന്റെ ഇത്തരം നടപടികളെ തീർത്തും പ്രൊഫണൽ അല്ലാത്ത ആക്രമണാത്മകവുമായ പെരുമാറ്റം” എന്ന് വിശേഷിപ്പിച്ച യുഎസ് വക്താവ്, ഇത് മേഖലയിലെ തെറ്റായ കണക്കുകൂട്ടലുകളുടെ അപകടം വർധിപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ യുഎസുമായി ന്യായസമത്വമുള്ള ചർച്ചകൾ നടത്താൻ വിദേശകാര്യ മന്ത്രിക്ക് നിർദേശം നൽകിയതായി അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ്, ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച ടർക്കിയിൽ ഇറാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന കാര്യവും സ്ഥിരീകരിച്ചു. ഡ്രോൺ സംഭവങ്ങൾ ഉണ്ടായിട്ടും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.
“പ്രസിഡന്റ് ട്രംപ് എപ്പോഴും ആദ്യം നയതന്ത്രത്തിനാണ് മുൻഗണന നൽകുന്നത്. എന്നാൽ ചർച്ചയ്ക്ക് ഇരുപക്ഷങ്ങളുടെയും സഹകരണം ആവശ്യമാണ്- ലെവിറ്റ് വ്യക്തമാക്കി. അതേസമയം ഇറാന്റെ സുപ്രീം നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയും ചർച്ചകൾക്ക് ഉണ്ടെന്നാണ് സൂചന. നേരത്തെ യുഎസുമായുള്ള സംഭാഷണം തള്ളിക്കളഞ്ഞിരുന്ന ഖമനെയിയുടെ നിലപാടിൽ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി, ദിവസങ്ങൾക്കകം ചർച്ചകൾ ആരംഭിക്കുമെന്ന് അറിയിച്ചു. വേദിയും ചർച്ചാ രൂപരേഖയും അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സുപ്രീം നേതാവിന്റെ ഉപദേഷ്ടാവായ അലി ഷംഖാനി, അൽ മായാദീൻ ടിവിയോട് സംസാരിക്കവെ, ആദ്യഘട്ടത്തിൽ പരോക്ഷ ചർച്ചകളായിരിക്കും നടക്കുകയെന്നും ആണവ വിഷയങ്ങൾക്കു മാത്രം പരിമിതമായിരിക്കുമെന്നും പറഞ്ഞു. ധാരണയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ മാത്രമേ നേരിട്ടുള്ള ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.






