NEWS

കാനത്തിന് അന്തപുരിയുടെ ആദരാഞ്ജലി: വിലാപയാത്ര ഉച്ചക്ക് 2 ന്, സംസ്‌കാരം നാളെ രാവിലെ 10 ന്;  നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു

  അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പി.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. നേരത്തെ ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ വസതിയില്‍ പൊതുദര്‍ശനം തീരുമാനിച്ചെങ്കിലും സമയപരിമിതി മൂലം അത് ഒഴിവാക്കി.

 മന്ത്രിമാരായ കെ.രാജന്‍, പി. പ്രസാദ്, ജി.ആര്‍ അനില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്‍റെ മകന്‍ സന്ദീപ് എന്നിവരും മൃതദേഹത്തിനൊപ്പം ഉണ്ട്.
തലസ്ഥാന നഗരിയിൽനിന്ന് ഉച്ചക്ക്   രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. ഞായറാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം.

Signature-ad

വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളും സമയവും

തിരുവനന്തപുരം

മണ്ണന്തല- 2.30 PM
വട്ടപ്പാറ- 2.45 PM
കന്യാകുളങ്ങര- 3 PM
വെമ്പായം- 3.15 PM
വെഞ്ഞാറമ്മൂട്- 3.30 PM
കാരേറ്റ്- 3.45 PM
കിളിമാനൂര്‍- 4 PM

കൊല്ലം

നിലമേല്‍- 4.15 PM
ചടയമംഗലം- 4.30 PM
ആയൂര്‍- 4.45 PM
കൊട്ടാരക്കര- 5.15 PM

പത്തനംതിട്ട

അടൂര്‍- 5.45 PM
പന്തളം- 6.15 PM

ആലപ്പുഴ

ചെങ്ങന്നൂര്‍- 6.45 PM

പത്തനംതിട്ട

തിരുവല്ല- 7.15 PM

കോട്ടയം

ചങ്ങനാശ്ശേരി- 8 PM
കുറിച്ചി- 8.15 PM
ചിങ്ങവനം- 8.30 PM
നാട്ടകം- 8.45 PM
കോട്ടയം ജില്ലാകമ്മിറ്റി ഓഫീസ്- 9 PM
കാനം (വസതി)- 11 PM

കാനം ഇടതുപക്ഷത്തെ തിരുത്തൽ ശക്തി

കാനം രാജേന്ദ്രൻ എന്നും ഇടതുപക്ഷമൂല്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു. ഇടതുപക്ഷ നയങ്ങളിൽനിന്ന് വ്യതിയാനം ഉണ്ടാകുമ്പോൾ കാനം സ്വരമുയർത്തും. സ്വന്തം സഖാക്കളുടെ മാത്രമല്ല, സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നയവ്യതിയാനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരിന്റെ പല തീരുമാനങ്ങളിലും വന്ന നയവ്യതിയാനം ചൂണ്ടിക്കാട്ടി കാനമെടുത്ത നിലപാടുകൾ അന്ന് വലിയ ചർച്ചയായിരുന്നു.

ഏഴ് മാവോവാദികൾ അന്ന് ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടു. ഇതിനെതിരേ കാനം പിണറായിയുമായി ഏറ്റുമുട്ടി. മാവോവാദികളുടെ മാർഗത്തെ കുറ്റപ്പെടുത്തുമ്പോൾ തന്നെ അവരെ വെടിവെച്ചുകൊല്ലുന്നതിനെ ന്യായീകരിക്കാൻ അദ്ദേഹത്തിനായില്ല. അലൻ താഹ എന്നീ ചെറുപ്പക്കാർക്കെതിരേ പൊലീസ് യു.എ.പി.എ ചുമത്തിയപ്പോഴും കാനം വിയോജിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശനിയമ പ്രകാരം നൽകേണ്ടതില്ലെന്ന നിലപാടിനെതിരേയും കാനം ശബ്ദമുയർത്തി. ജനങ്ങളിൽനിന്ന് മറയ്ക്കേണ്ടതായ ഒരു തീരുമാനവും ഇടതുസർക്കാരിന് എടുക്കേണ്ടതില്ല എന്ന് അദ്ദേഹം വാദിച്ചു. അവസാനം സർക്കാർ പിൻവാങ്ങി.

അതിരപ്പിള്ളി പദ്ധതിയിലും കാനത്തിന്റെ നിലപാട് സർക്കാരിനെ തിരുത്തി. പദ്ധതി ഗുണത്തെക്കാൾ ദോഷമേ ചെയ്യൂവെന്ന് പറഞ്ഞ് കാനം മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒടുവിൽ പദ്ധതി വേണ്ടെന്നുവെക്കേണ്ടി വന്നു ഗവൺമെന്റിന്.

മുന്നണിയിലെതന്നെ ഘടകക ക്ഷിമന്ത്രിക്കെതിരായി നിലപാടിന്റെ ചൂട് ബോധ്യപ്പെടുത്താൻ സ്വന്തം പാർട്ടിയിലെ നാലുമന്ത്രിമാരെ മന്ത്രിസഭായോഗത്തിൽ നിന്ന് വിലക്കിയ നടപടി കേരളത്തിൽ ആദ്യത്തേതും അസാധാരണവുമായിരുന്നു.

കായൽ കൈയേറിയ ആരോപണത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി രാജിവെക്കണം എന്നായിരുന്നു സി.പി.ഐ നിലപാട്. ഇത് ലംഘിച്ച് അദ്ദേഹം മന്ത്രിസഭായോഗത്തിന് എത്തിയപ്പോൾ യോഗത്തിൽനിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാരെയും കാനം വിലക്കി. മുന്നണി സംവിധാനംതന്നെ പ്രതിസന്ധിയിലായ ഈ നടപടിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ഇത് അസാധാരണ സാഹചര്യമെന്നായിരുന്നു. അതിന്  കാനം മറുപടി നൽകി:
‘‘അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടി.’’

കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വരാനുള്ള അണിയറനീക്കങ്ങൾ തുടങ്ങിയപ്പോൾത്തന്നെ സി.പി.ഐ എതിർത്തു. അതിന് തടയിടാൻ കാനം പറഞ്ഞത് കേരള കോൺഗ്രസ് ഇല്ലാതെതന്നെയാണ് നിലവിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതെന്നായിരുന്നു.
സി.പി.എം, സി.പി.ഐ. ലയനവാദം ഉയരുമ്പോൾത്തന്നെ ഇരുപാർട്ടികളും ഏറ്റുമുട്ടും. ഇരുപാർട്ടികളുടെയും മാത്രമുള്ള ലയനമല്ല, 32 കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണമാണ് വേണ്ടതെന്ന നിലപാടാണ് അദേഹമെടുത്തത്. ഇനി ലയനമാണ് വേണ്ടതെങ്കിൽ സി.പി.ഐയിൽനിന്ന് പിരിഞ്ഞുപോയ സി.പി.എം മാതൃസംഘടനയിൽ ലയിക്കണമെന്നും അഭിപ്രായപ്പെട്ടു. വർഗീയശക്തികളെ എതിർക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുമായി സഹകരിക്കാമെന്ന സി.പി.ഐയുടെ ദേശീയ കാഴ്ചപ്പാട് അദ്ദേഹം മുറുകെപ്പിടിച്ചു.

‘‘എന്റെ പാദം മുറിച്ചു. രണ്ടുമാസത്തിനകം കൃത്രിമപാദം വെക്കാനാകും. അതുമായി പൊരുത്തപ്പെട്ട് വേഗംതന്നെ സജീവരാഷ്ട്രീയത്തിലേക്കു തിരിച്ചെത്തും’’
ആശുപത്രിയിൽ വച്ച്  ഇങ്ങനെ പറഞ്ഞ ആത്മവിശ്വാസത്തിന്റെ പേരാണ് കാനം രാജേന്ദ്രൻ. മരണത്തിന് തൊട്ടുമുമ്പ് ഒപ്പമുണ്ടായിരുന്നവരോട് അദ്ദേഹം പറഞ്ഞത് ‘സി.പി.ഐയുടെ മൂല്യം ഉയർത്തിപ്പിടിക്കണം’ എന്നാണ്.
:
നവകേരള സദസ്’ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കാര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം 3.30, മൂവാറ്റുപുഴ 4.30, തൊടുപുഴ 6.30  എന്നിങ്ങനെയാണ് നാളത്തെ പരിപാടികൾ.

Back to top button
error: