Breaking NewsIndiaKeralaLead NewsNEWSPravasi

സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും റോയി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഇതിനിടെ കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം.

ഇതിനിടെ പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്കു നീങ്ങുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അതേസമയം ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുകയാണെന്നും സൂചനയുണ്ട്. 30ന് നടന്ന പരിശോധനയിൽ‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നു പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: