SportsTRENDING

എന്തിനാണ് വാതുവെയ്പ്പുകാരൻ എന്ന് വിളിക്കുന്നത്? ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ തമ്മിലടിച്ച്‌ ശ്രീശാന്തും ഗംഭീറും

ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക് പോര്.തന്നെ വാതുവെയ്പ്പുകാരൻ എന്ന് ഗൗതം ഗംഭീർ വിളിച്ചെന്നാണ് ശ്രീശാന്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്ബോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചതെന്നാണ് സൂചന.

 

Signature-ad

കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്ബയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

 

അതേസമയം ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായി എപ്പോഴും വഴക്കിടുന്ന ആളാണ്  ശ്രീശാന്ത് എന്നും പണ്ട് ഹർഭജൻ തല്ലിയതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്നും ഗംഭീർ പറഞ്ഞു. വീരു ഭായിയെപ്പോലുള്ള സീനിയര്‍ കളിക്കാരെ പോലും അയാൾ ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ, അദ്ദേഹം എനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു – ഗംഭീർ പറഞ്ഞു

 

കൂടുതല്‍ വിശദമായി പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞാൻ അദ്ദേഹത്തെ ഒരിക്കലും പ്രകോപിപ്പിച്ചിട്ടല്ല, പക്ഷേ എന്നിട്ടും എനിക്കെതിരെ അദ്ദേഹം മോശം വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നും ഗൗതം ഗംഭീർ മത്സരശേഷം പറഞ്ഞു.

 

വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ടൂര്‍ണമെന്റായ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെയായിരുന്നു ഇരുവരും തമ്മില്‍ വാക്പയറ്റുണ്ടായത്. സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യാ ക്യാപ്പിറ്റല്‍സിനായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഗംഭീര്‍. ഗുജറാത്ത് ജയന്റ്സിനായി ശ്രീശാന്ത് രണ്ടാം ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം.

 

ശ്രീയുടെ ഓവറില്‍ ഗംഭീര്‍ സിക്സും ഫോറുമടിച്ചു. പിന്നാലെ ഗംഭീറിനെതിരേ ശ്രീശാന്ത് ഒരു തുറിച്ചുനോട്ടം നടത്തി. ഗംഭീറും വിട്ടുകൊടുത്തില്ല. ശേഷം ഗംഭീറിനോട് തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാൻ ശ്രമിക്കുകയും ചെയ്ത ശ്രീശാന്തിനെ അമ്ബയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 30 പന്തില്‍ 51 റണ്‍സുമായി തിളങ്ങിയിരുന്നു.അതേസമയം മൂന്നോവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സാണ് വിട്ടുകൊടുത്തത്. 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ജയന്‍റ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

 

ഐ.പി.എല്ലില്‍ വാതുവെപ്പ് നടത്തിയെന്ന ആരോപണം നേരിട്ട ശ്രീശാന്തിനെ 2013-ല്‍ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ ക്രിക്കറ്റില്‍ നീണ്ട വിലക്ക് നേരിട്ട അദ്ദേഹം, 2021-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി.

Back to top button
error: