കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിർഭാഗ്യകരമാണെന്നും കെ.സുധാകരൻ പറഞ്ഞു.കുട്ടിയെ കിട്ടിയത് പോലീസിന്റെ മിടുക്ക് കൊണ്ടല്ല, നാട്ടുകാരുടെ ഇടപെടൽ കൊണ്ടാണ്.ഇക്കാര്യത്തിൽ പോലീസിന് അഭിമാനിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം സിറ്റിയുടെ നടുക്ക്, ആശ്രാമം മൈതാനം പോലെയൊരു സ്ഥലത്ത്, നട്ടുച്ചക്ക് കുട്ടിയെ ഉപേക്ഷിച്ചു പോയിട്ട് എന്ത് കൊണ്ട് കേരള പോലീസിന് പ്രതികളെ പിടിക്കാനായില്ലെന്നും സുധാകരൻ ചോദിച്ചു.
ഓയൂര്‍ ഭാഗത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്.ഇത്രയും ദൂരം പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് സഞ്ചരിക്കാനായത്? കേരളത്തിന്റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പോലീസിനേക്കാൾ കൂടുതൽ കേരളീയ സമൂഹത്തിന്റെ ഇടപെടലും പിന്തുണയുമാണ് കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായത്- സുധാകരൻ പറഞ്ഞു.
അതേസമയം കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയത് സന്തോഷകരമെന്ന് എഡിജിപി എം ആര്‍ അജിത് കുമാർ പറഞ്ഞു.പൊലീസ് കോണ്‍സ്റ്റബിള്‍ തൊട്ട് എസ്പി, ഡിഐജി വരെ ഉറങ്ങാതെ ഇതിന് പിന്നാലെ തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം ഭാഗം വിട്ട് കുട്ടിയുമായി പ്രതികൾ പുറത്ത് പോകാൻ സാധ്യത ഇല്ലെന്ന് ഉറപ്പായിരുന്നു.വേറൊരു വഴിയുമില്ലാതെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഓരോ മണിക്കൂറും ഇടപെട്ട് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും സംഭവത്തില്‍ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.