NEWSSports

ന്യൂസിലൻഡ് പൊരുതിത്തോറ്റു; ഇന്ത്യ ഫൈനലിൽ

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എടുത്തിരുന്നു.എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ 327  റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. കോഹ്‌ലി 117ഉം ശ്രേയസ് അയ്യർ 105ഉം റൺസെടുത്താണ് പുറത്തായത്.

23-ാം ഓവറില്‍ 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവിനേത്തുടര്‍ന്ന് ഗില്ലിന് ക്രീസ് വിടേണ്ടി വന്നുവെങ്കിലും പിന്നാലെയെത്തിയ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 20 പന്തുകളില്‍ നിന്ന് അഞ്ചു ഫോറും രണ്ടും സിക്‌സറും അടക്കം 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.ക്യാപ്റ്റൻ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിക്കരികെ (47) പുറത്തായി.

അതേസമയം കിവീസ് നിരയിലെ 7 ബാറ്റര്‍മാരുടെ വിക്കറ്റ്  വീഴ്ത്തിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി. ലോകകപ്പില്‍ 17 ഇന്നിങ്‌സുകളില്‍ നിന്ന് ഷമി 54 വിക്കറ്റ് നേട്ടം കുറിച്ചു. 23 ഇന്നിങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച സഹീര്‍ഖാനാണ് പിന്നില്‍ . പട്ടികയില്‍ 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച ജവഗല്‍ ശ്രീനാഥുമുണ്ട്.
ഇന്ത്യയ്ക്കായി ഷമി 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ, കുല്‍ദീപ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Back to top button
error: