KeralaNEWS

ചരിത്രം കുറിക്കുന്ന നവകേരള സദസിനെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, സംസ്ഥാന തല ഉദ്ഘാടനം മഞ്ചേശ്വരത്ത് ഈ ശനിയാഴ്ച

  മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു മാസത്തിലേറെക്കാലം സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി  ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം 18 ന് വൈകീട്ട് 3.30ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പൈവളിഗെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

ആദ്യദിനം ഉദ്ഘാടനം മാത്രം. 19 മുതലാണ് നവകേരള സദസ് പൂർണരൂപത്തിൽ നടക്കുക. ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സിലെ ആദ്യ മണിക്കൂര്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയില്‍ ഉണ്ടാകും.

Signature-ad

നവംബർ 18 മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബർ 24 ന് തിരുവനന്തപുരത്ത് അവസാനിക്കുന്നു.

രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് നവകേരള സദസ് യോഗങ്ങൾ.

രാവിലെ 9 നു പൗരപ്രമുഖരുമായി കൂടിക്കാഴ്ച. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നാലു മണ്ഡലങ്ങളിലെ പരിപാടി എന്നിങ്ങനെയാണു പ്രോഗ്രാം നിശ്ചയിച്ചിട്ടുള്ളത്.

ഒരു ദിവസം പരമാവധി നാലു മണ്ഡലങ്ങളിലാണ് പൊതുജനങ്ങളുമായി സംവദിക്കുന്ന പരിപാടി.

ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് ഒരു മണ്ഡലത്തിൽ പരമാവധി ഒന്നര മണിക്കൂറാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി സംവദിക്കാൻ ചെലവിടുന്ന സമയം.

സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഒരു മാസത്തിലേറെ തലസ്ഥാനം വിട്ടുനിൽക്കുന്നത് കേരളത്തിൽ ആദ്യം.

മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പൂർണമായി സെക്രട്ടേറിയറ്റിലെ ഓഫിസിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു മാസത്തിലേറെക്കാലം ഇ ഓഫിസ് വഴിയാകും ഫയലുകൾ നീങ്ങുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ ബസിലാണ് കേരളം മുഴുവൻ സഞ്ചരിക്കുക.

മന്ത്രിസഭയുടെ പര്യടനത്തെ ചീഫ് സെക്രട്ടറിയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ അനുഗമിക്കുന്നില്ല. എന്നാൽ ഇവർ മന്ത്രിസഭാ യോഗം നടക്കുന്നതിനു തലേന്നു തന്നെ ജില്ലയിലെത്തും.

ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന നവകേരള സദസ്സ് പര്യടനത്തിനിടെ അഞ്ചു മന്ത്രിസഭാ യോഗങ്ങൾ അഞ്ചു ജില്ലകളിൽ നടക്കും.

‘നവകേരള സദസ്സ്  ജനാധിപത്യത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും ചരിത്രത്തില്‍ പുതുമയുള്ളതും സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥ തലങ്ങള്‍ സമ്പൂര്‍ണ്ണതയിൽ എത്തിക്കാനുള്ള ക്രിയാത്മക മുന്നേറ്റമാണ്.‘  മുഖ്യമന്ത്രി പിണറായി വിജയൻ.

മണ്ഡലത്തിലെ പ്രധാന വിഷയങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക കൗണ്ടറുകൾ  നജ്ജീകരിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തിലെ പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചു. വീട്ടുമുറ്റ സദസ്സുകള്‍ നടത്തി. കുടുംബശ്രീ യോഗങ്ങള്‍ എല്ലാ പഞ്ചായത്തിലും നടത്തി.

നവംബര്‍ 12ന് വൈകിട്ട് 6ന് എല്ലാ ഭവനങ്ങളിലും നവ കേരളം ദീപം തെളിയിച്ചു. നവംബര്‍ 14ന് നവ കേരളത്തിനെ അടിസ്ഥാനപ്പെടുത്തി തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. ഇന്നലെയും ഇന്നും മണ്ഡലത്തില്‍ നവ കേരള സദസ്സുമായി ബന്ധപ്പെട്ട വിളംബര ജാഥകള്‍ നടത്തുന്നു.

നവംബർ 19 ഞായറാഴ്ച കാസർകോട് നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നു. അതിനാൽ ഞായർ പ്രവൃത്തി ദിനമാക്കി ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കണം. സർക്കാർ പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രവൃത്തി ദിനമാക്കിയത്.

Back to top button
error: