KeralaNEWS

സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ് എറണാകുളം തേവരയിൽ

കൊച്ചി: സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ് എറണാകുളം തേവരയിലെ കസ്തൂര്‍ബാ നഗറില്‍ ആരംഭിക്കും. കടവന്ത്ര മെട്രോ സ്റ്റേഷനില്‍നിന്ന് 2.8 കിലോമീറ്റര്‍ അകലെയാണിത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഫുഡ് സ്ട്രീറ്റ് പദ്ധതി പ്രകാരം ആരംഭിക്കുന്ന ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ്ബാണ് തേവരയിലെ കസ്തൂര്‍ബാ നഗറില്‍ ആരംഭിക്കുന്നത്.പദ്ധതിക്ക് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്‍റെ അനുമതി ലഭിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഹബ്ബ് പ്രവര്‍ത്തനക്ഷമമാകും.

Signature-ad

 രാജ്യത്താകമാനം ആരംഭിക്കുന്ന 100 ക്ളീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിന്‍റെ ഭാഗമായി ആരംഭിക്കുന്ന ഹബ്ബാണ് കൊച്ചിയിലേത്. സിഎംഎഫ്‌ആര്‍ഐ റസിഡൻഷ്യല്‍ കോംപ്ലക്‌സിന് സമീപമുള്ള വിശാല കൊച്ചി വികസന അതോറിറ്റിയുടെ സ്ഥലത്താണ്‌ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ആരംഭിക്കുന്നത്. റോഡ് പദ്ധതിക്കായി ജിസിഡിഎ നേരത്തെ ഏറ്റെടുത്തിരുന്ന സ്ഥലത്താണ്‌ സ്ട്രീറ്റ് ഫുഡ് ഹബ്ബ് വരുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും വിവിധ കാരണങ്ങളാല്‍ തേവരയിലേക്ക് മാറ്റുകയായിരുന്നു. പദ്ധതിക്കായി തുകയും അനുവദിച്ചിട്ടുണ്ട്.

1.35 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. 20 ചെറിയ കിയോസ്കുകളാകും ഇവിടെ ഉണ്ടാവുക. മധ്യഭാഗത്ത് ഓപ്പണ്‍ ഡൈനിംഗ് സ്ഥലവും അതിനു ചുറ്റുമായി കിയോസ്കുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.ഓരോ കിയോസ്‌കിലും പ്രത്യേകം ഭക്ഷണ വിഭവങ്ങളാകും ഉണ്ടാവുക. ജങ്ക് ഫുഡ് ഇനത്തില്‍ പെട്ടവ പ്രോത്സാഹിപ്പിക്കില്ല.

കാര്‍ പാര്‍ക്കിംഗ്, പ്രത്യേകം നടപ്പാതകള്‍, ടോയ്‌ലറ്റ് സൗകര്യം, ലാൻഡ്സ്കേപ്പിങ്, ഖരമാലിന്യ സംസ്കരണ സൗകര്യം, ഡ്രെയിനേജ്, വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഉണ്ടാകും.പാര്‍ക്കിങ് സ്‌പേസ്, ഓപ്പണ്‍ ഡൈനിംഗ് ഏരിയ എന്നിവയുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാനും ഇവിടെ അവസരമുണ്ടാകും.

Back to top button
error: