FeatureNEWS

സുന്ദരപാണ്ഡ്യപുരത്തെ സുന്ദരൻ കാഴ്ചകൾ

കേട്ടാൽ തന്നെ മലയാളികൾ പൊട്ടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് തെങ്കാശി.തെങ്കാശിക്കടുത്തായാണ് സുന്ദരപാണ്ഡ്യപുരം.പേരുപോലെ തന്നെ സുന്ദരമാണ് സുന്ദരപാണ്ഡ്യപുരം.
ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..!
 കേരളത്തിലെ ഉൾപ്പെടെയുള്ള വാഹനങ്ങൾ എല്ലാം ചെങ്കോട്ടയും തെങ്കാശിയും കടന്ന് ഈ ഗ്രാമത്തിലെ ചെറിയ റോഡുകളിലൂടെ ഇടതടവില്ലാതെ കടന്നുവരുകയാണ്. എല്ലാവർക്കും ഒറ്റ ആഗ്രഹം മാത്രം സുന്ദരപാണ്ഡ്യപുരത്തെ സൂര്യാകാന്തിപ്പാടങ്ങൾ കാണണം. അവിടെനിന്ന് ഫോട്ടോയെടുക്കണം. ഒത്താൽ സോഷ്യൽ മീഡിയായിൽ നിറയ്ക്കാൻ വ്യത്യസ്ത തരത്തിലുള്ള റീൽസ് എടുക്കണം.
സുന്ദരപാണ്ഡ്യപുരം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ആ ഗ്രാമവാസികൾക്ക് ശല്യമാകാതെ ഒന്നു നിശബ്ദമായി പോയി കണ്ടാസ്വദിച്ച് വരാവുന്ന മനോഹരമായ സ്ഥലമാണിവിടം.ഗ്രാമഭംഗിയിൽ സൗന്ദരവതിയായി നിൽക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ്.
 തെങ്കാശിയിൽനിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയും വളരെ മനോഹരമാണ്. ശബ്ദത്തോടു കൂടി വീശിയടിക്കുന്ന കാറ്റിന്റെ തലോടൽ ഏറ്റുകൊണ്ടാണ് ചെറിയ ഗ്രാമപാതയിലൂടെ പോകുന്നത്. ഒരരികിൽ കായൽപോലെ കിടക്കുന്ന സ്ഥലത്തെ വെള്ളം കാറ്റിൽ തിരമാലപോലെ ഓളംതല്ലി വരുന്നതും മറു സൈഡിൽ കരിമ്പനകളും പച്ചക്കറികൃഷിയും നമുക്ക് മുമ്പിലുണ്ട്. സുന്ദരപാണ്ഡ്യപുരത്തും സുരണ്ടയിലും ഇവയോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലുമായിട്ടാണ് സൂര്യകാന്തികൾ ഇങ്ങനെ സൂര്യനെ നോക്കി രാജകീയ ഭാവത്തിൽ തലയുയർത്തി നിൽക്കുന്നത്.
നെൽപ്പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ, വലിയ കാറ്റാടികൾ, സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയിൽ ചൂടി ദാവണി ചുറ്റി കടന്നുപോകുന്ന തമിഴ്പെൺകൊടികൾ അങ്ങനെ എത്രയോ തമിഴ് സിനിമകളിൽ നമ്മൾ കണ്ട വശ്യസുന്ദരമായ പല മനോഹരകാഴ്ചകളും സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കാണാൻ കഴിയും.
അന്യൻ പാറ
തെങ്കാശിയിൽനിന്നു നാല് കിലോമീറ്റർ അപ്പുറത്തായി റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്. ഇന്ന് ഇത് അന്യൻ പാറയാണ്. ഷങ്കറിന്റെ അന്യൻ എന്ന സിനിമയിലെ ഗാന ചിത്രീകരണവും ഇവിടെയാണ് നടന്നത്.
കുറ്റാലത്തെ എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ 
തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിലായാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്. തെക്കിന്‍റെ ആരോഗ്യ സ്നാനഘട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്നുള്ള അരുവികളുമാണ് കുറ്റാലത്തിന്റെ പ്രത്യേകത. ഏകദേശം ഒൻപത് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത്. കാട്ടിൽ നിന്നും വരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താറുണ്ട്.

Back to top button
error: