KeralaNEWS

ഒന്നും ഓര്‍മയില്ല! നിയമനക്കോഴക്കേസില്‍ ഹരിദാസന്റെ മൊഴി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. എവിടെ വച്ചാണ് പണം നല്‍കിയതെന്നതും ഓര്‍മയില്ലെന്ന് ഹരിദാസന്‍ കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി. ഇന്ന് രാവിലെയാണ് ഹരിദാസന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.

കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും. ഇതോടെ സെക്രട്ടേറിയറ്റ് പരിസരത്തെ കോഴക്കൈമാറ്റത്തിലടക്കം വ്യക്തതവരുത്താനാകുമെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍.

Signature-ad

കഴിഞ്ഞ ചൊവ്വാഴ്ച ഹരിദാസനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എഐവൈഎഫ് നേതാവ് ബാസിതിനോടും ഹരിദാസനോടും ഹാജരാകാന്‍ ഇന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസന്‍ ഹാജരായത്.

ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് വീണാ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ മുഖ്യകണ്ണികളായ അഖില്‍ സജീവും റഹീസും നേരത്തെ പൊലീസ് പിടിയിലായിരുന്നു.

 

 

Back to top button
error: