CrimeNEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതും ടി.പി കേസ് പ്രതികള്‍!

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സമാന്തരഭരണം. ജയിലില്‍ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതില്‍പോലും ഇവര്‍ ഇടപെടുന്നു. പ്രിസണ്‍ ഓഫീസറുടെയും അസി.പ്രിസണ്‍ ഓഫിസറുടെയും സഹായത്തോടെയാണിത്.

കഞ്ചാവ്, മദ്യം, ബീഡി, മൊബൈല്‍ ഫോണ്‍, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവര്‍ ‘പ്രതിഫലം’ പറ്റി ചെയ്തുകൊടുക്കുന്നു. ആളനക്കം കുറഞ്ഞ ഇടങ്ങളില്‍ മതിലിനു മുകളിലൂടെയാണു സാധനങ്ങള്‍ എറിഞ്ഞുകൊടുക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യാനും സംഘത്തിന്റെ സഹായമുണ്ട്. റിമാന്‍ഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏര്‍പ്പാടാക്കുന്നതും ഇവര്‍ തന്നെ. ജയില്‍വാസം ഒഴിവാക്കി, ആശുപത്രിവാസം ലഭിക്കാനും ഇടയ്ക്കു പരോള്‍ ലഭിക്കാനും തടവുകാര്‍ ഇവരെയാണു സമീപിക്കുന്നത്.

Signature-ad

നിരീക്ഷണ ടവര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. തടവുകാര്‍ക്കുള്ള പൊതു ഫോണില്‍ നിന്നാണു സാധനങ്ങളെത്തിക്കാനും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനുമൊക്കെ പുറത്തേക്കു വിളിക്കുന്നത്. പ്രതിഫലത്തിന്റെ പണമിടപാടുകള്‍ ജയിലിനു പുറത്താണ്. സേവനം കൈപ്പറ്റിയ തടവുകാരുടെ ബന്ധുക്കള്‍, ടി.പി കേസ് പ്രതികള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പണം നല്‍കണം.

ടി.കെ.രജീഷടക്കം, ടിപി കേസിലെ 6 പ്രതികളാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. 5 വര്‍ഷത്തിലൊരിക്കല്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന നിര്‍ദേശം കണ്ണൂരില്‍ നടപ്പായിട്ടില്ല. അതേസമയം, സെന്‍ട്രല്‍ ജയില്‍ ഇപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രണത്തില്‍ തന്നെയാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സൂപ്രണ്ട് പി.വിജയന്‍ പറഞ്ഞു.

Back to top button
error: