CrimeNEWS

മോഷ്ടിച്ച സ്കൂട്ടറിലെത്തി വയോധികയായ ക്ഷേത്ര ജീവനക്കാരിയുടെ മാലകവർന്നു; മോഷ്ടാവിനെ സാഹസികമായി പിടികൂടി പൊലീസ്

അമ്പലപ്പുഴ: ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടി പൊലീസ്. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

പായൽകുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാരിയായ ഓമനാമ്മ വീട്ടിലേക്ക് പോകുന്നവഴി എതിരെ സ്കൂട്ടറിൽ വരികയായിരുന്ന വേലു അമ്പലപ്പുഴ ഗാബീസ് പമ്പിനടത്തുവെച്ച് സ്വർണ്ണ മാല കവർന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഓമനാമ്മയുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതി ഓടിച്ചുവന്ന സ്കൂട്ടർ തിരിച്ചറിയുകയും ചെയ്തു. അന്വേഷണത്തിൽ ഈ സ്കൂട്ടർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്നും നാലു മാസം മുൻപ് മോഷണം പോയതാണെന്ന് വ്യക്തമായി.

Signature-ad

ഇതോടെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയ പരിശോധനയിൽ സ്കൂട്ടർ മോഷ്ടിച്ച് കൊണ്ട് പോയത് വേലു ആണെന്ന് പൊലീസിന് മനസ്സിലായി. തുടർന്ന് വേലുവിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിദ്ധിക്ക് വേലു മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ടു. തുടർന്ന് പുറക്കാട് വെച്ച് ഇയാളുടെ വാഹനം തടയുകയും കീഴ്പ്പെടുത്തുകയുമായിരുന്നു.

പിന്നീട് അമ്പലപ്പുഴ പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേരളത്തിലുടനീളം ഇരുപതോളം മോഷണ കേസുകളിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളെയാണ് വേലുവെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് കേസുകളെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: