NEWSWorld

സുഹൃത്തുക്കളുമായി ചേര്‍ന്ന മദ്യപാന മത്സരം; 2.28 ലക്ഷം രൂപ സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കി, കുഴഞ്ഞുവീണു യുവാവിന് ദാരുണാന്ത്യം

ബെയ്ജിങ്: ഓഫീസിലെ പാർട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയിൽ നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ചൈന മോർണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളിൽ ഒരു ലിറ്റർ മദ്യമാണ് ഇയാൾ അകത്താക്കിയത്. വീര്യം കൂടിയ മദ്യം അമിതമായ അളവിൽ കഴിച്ച് അൽപം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ കുഴഞ്ഞുവീണുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഷാങ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫീസിലെ പാർട്ടിയ്ക്കിടെ ബോസാണ് മദ്യപാന മത്സരം പ്രഖ്യാപിച്ചത്. മദ്യപാനത്തിൽ ഷാങിനെ തോൽപ്പിക്കുന്നവർക്ക് 20,000 യുവാൻ സമ്മാനം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ മദ്യപിക്കുന്നയാൾക്ക് 5,000 യുവാൻ നൽകുമെന്ന് ബോസ് പ്രഖ്യാപിച്ചതായി സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോൾ സമ്മാനത്തുക 10,000 യുവാനാക്കി വർദ്ധിപ്പിച്ചു. താൻ വിജയിച്ചാൽ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോൾ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയർത്തി. എന്നാൽ തോറ്റാൽ കമ്പനിയിലെ എല്ലാവർക്കും ചെലവ് ചെയ്യാൻ 10,000 യുവാൻ ഷാങ് തിരികെ നൽകണമെന്നും ബോസ് പ്രഖ്യാപിച്ചു.

Signature-ad

കമ്പനിയെ ഡ്രൈവർ ഉൾപ്പെടെ നിരവധിപ്പേരോട് മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും വിജയിച്ചില്ല. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ ഒരു ലിറ്റർ മദ്യമാണ് ഷാങ് കുടിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു. 30 മുതൽ 60 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ബെജിയൂ (Baijiu) എന്ന മദ്യമാണത്രെ ഇയാൾ ഒറ്റയടിക്ക് അകത്താക്കിയത്. അധികം വൈകാതെ കുഴഞ്ഞുവീണ ഷാങിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ആൽക്കഹോൾ പോയിസണിങ്, ആസ്‍പിറേഷൻ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം എന്നിവയാണ് ഇയാൾക്ക് അമിത മദ്യപാനം കാരണമായി ഉണ്ടായതെന്ന് ആശുപത്രി രേഖകൾ പറയുന്നു. ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരക്കവെയായിരുന്നു ഷാങിന്റെ അന്ത്യം.

മരണത്തിന് ശേഷം സംഭവത്തിൽ അധികൃതരുടെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. കമ്പനി അടച്ചുപൂട്ടുമെന്ന് വിചാറ്റ് ഗ്രൂപ്പിൽ ഔദ്യോഗികമായി അറിയിച്ചതായും ജീവനക്കാർ പറയുന്നു. സമാനമായ തരത്തിൽ മദ്യപാന മത്സരം നടത്തി ജീവൻ നഷ്ടമായ സംഭവങ്ങൾ നേരത്തെയും ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: